'ഭൂമി കുലുങ്ങും ഇടിമിന്നും കപ്പില്‍ എടുത്തുവെച്ച വെള്ളത്തിന്റെ നിറം മാറുമ്പോള്‍ അവന്‍ വന്ന് നമ്മെ രക്ഷിക്കും'; അവര്‍ തൂങ്ങിയത് മരിക്കില്ലെന്ന വിശ്വാസത്തില്‍

മരണത്തെക്കുറിച്ചും ആത്മാക്കളേക്കുറിച്ചുമെല്ലാം ഇയാള്‍ ഗവേഷണം നടത്തിയിരുന്നു
'ഭൂമി കുലുങ്ങും ഇടിമിന്നും കപ്പില്‍ എടുത്തുവെച്ച വെള്ളത്തിന്റെ നിറം മാറുമ്പോള്‍ അവന്‍ വന്ന് നമ്മെ രക്ഷിക്കും'; അവര്‍ തൂങ്ങിയത് മരിക്കില്ലെന്ന വിശ്വാസത്തില്‍

ന്യൂഡല്‍ഹി; ഒരു വീട്ടിലെ 11 പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ നിന്ന് ലഭിച്ച ഡയറികളിലെ എഴുത്തുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മരിക്കുന്നതിന് പത്ത് ദിവസം മുന്‍പ് ഇതിനായുള്ള തയാറെടുപ്പുകള്‍ ഇവര്‍ നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിലെ ലളിത് ബാട്ടിയയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരുന്നു ഓരോ കാര്യവും ചെയ്തിരുന്നത്. എന്നാല്‍ മരിക്കില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ കടുംകൈ ചെയ്തത്. അടുത്ത ദിവസത്തേക്കുള്ള ഭക്ഷണം തയാറാക്കിവെച്ച ശേഷമായിരുന്നു കുടുംബം കൂട്ട ആത്മഹത്യ ചെയ്തത്.

മരിച്ച പ്രതിഭയുടെ മകള്‍ പ്രിയങ്കയാണ് (33) ഡയറി എഴുതിയിരിക്കാനാണ് സാധ്യത. അമ്മാവന്‍ ലളിതിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് എഴുതിയിരിക്കുന്നത്. നിഗൂഢമായ നിര്‍ദേശങ്ങള്‍ എഴുതിവെച്ച 11 ഡയറികളാണ് ഇവിടെനിന്ന് കണ്ടെത്തിയിരിക്കുന്നത്. ഡയറിയില്‍ 2-3 പേരുടെ കൈയക്ഷരങ്ങളുമുണ്ടായിരുന്നു. അബോധാവസ്ഥയില്‍ എന്ന പോലെ ഭാര്യയ്ക്കും മക്കള്‍ക്കും ലളിത് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 

അടുത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കടയില്‍ നിന്ന് അഞ്ച് സ്റ്റൂളും ബാന്‍ഡേജും ചടങ്ങിന് ആവശ്യമായ വസ്തുക്കളും വാങ്ങി വരുന്നത് കാണാം. ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങുന്നതിന് മുന്‍പ് കുടുംബാംഗങ്ങളുടെ കൈകാലുകള്‍ ബന്ധിച്ചത് മരിച്ചവരില്‍ ഉള്‍പ്പെട്ട ലളിത് ബാട്ടിയയും അയാളുടെ ഭാര്യ ടിനയുമാണ്. കൂട്ട ആത്മഹത്യയില്‍ ലളിതിന് വ്യക്തമായ സ്വാധീനമുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ഇയാളുടെ നിര്‍ദേശപ്രകാരമാണ് കുടുംബം ഓരോ കാര്യങ്ങളും ചെയ്തിരിക്കുന്നത്. 

തന്നെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഇയാള്‍ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ കുടുംബത്തിലേക്ക് ആരെയും ക്ഷണിക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ശക്തി കൈവരാന്‍ സഹായിക്കുമെന്നാണ് ലളിത് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും പിന്നില്‍ നിഗൂഢ ശക്തിയാണെന്ന് ഈ കുടുംബം അന്ധമായി വിശ്വസിച്ചിരുന്നു. ചടങ്ങുകള്‍ തീരുന്നതു വരെ ഓരോരുത്തരുടേയും കൈകള്‍ കൂട്ടിക്കെട്ടാന്‍ സ്ത്രീയ്ക്കും അവരുടെ മക്കള്‍ക്കും ഇയാള്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്ധമായ വിശ്വാസത്തിന്റെ ഭാഗമായാണ് ദൈവത്തിന് നന്ദി പറയുന്നതിനു വേണ്ടിയുള്ള അവസാനത്തെ ചടങ്ങ് നടത്താന്‍ ഇവര്‍ തീരുമാനിച്ചത്. കുടുംബത്തെ സംരക്ഷിക്കുന്നതും സാമ്പത്തികമായി ശക്തിപ്പെടുത്തിയതും അച്ഛന്റെ ആത്മാവാണെന്നാണ് ഇയാള്‍ പറഞ്ഞത്. 11 വര്‍ഷത്തിനിടയില്‍ ഒരു കടയില്‍ നിന്ന് മൂന്ന് കടയിലേക്കുള്ള വളര്‍ച്ചയാണ് ഇതിന് ഉദാഹരണമായി പറഞ്ഞിരുന്നത്. 

ചെയ്യേണ്ട എല്ലാ നിര്‍ദേശങ്ങളും ഇതില്‍ കൊടുത്തിരുന്നു. എത്ര മണിക്ക് ഭക്ഷണം കഴിക്കണം എന്ന് മുതല്‍ എങ്ങനെയാണ് ചടങ്ങുകള്‍ നടത്തേണ്ടത് എന്നുവരെ വ്യക്തമായിരുന്നു. ജൂണ്‍ 24 നാണ് ഇതിന്റെ ഭാഗമായുള്ള പ്രാര്‍ത്ഥന ആരംഭിച്ചത്. ഇത് അവസാനിക്കുന്നത് ജൂണ്‍ 30 ന് ആയിരുന്നു. തൂങ്ങുന്നതിന് മുന്‍പായി ഒരു കപ്പില്‍ വെള്ളം എടുത്തുവെക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. വെള്ളത്തിന്റെ നിറം മാറുന്നതോടെ അവന്‍ എത്തി എല്ലാവരേയും രക്ഷപ്പെടുത്തുമെന്നാണ് പറഞ്ഞിരുന്നത്. ഭൂമി കുലുങ്ങുമെന്നും ഇടിമിന്നുമെന്നും അതോടെ രക്ഷപ്പെടുമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. സ്റ്റൂളില്‍ നിന്ന് ചാടുന്ന നിമിഷത്തില്‍ ആരോ ഇവരെ രക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഈ കുടുംബമെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവ ദിവസം വീട്ടിലേക്ക് അവസാനം പ്രവേശിച്ചത് ലളിതാണ്. വളര്‍ത്തുനായയ്‌ക്കൊപ്പം റോഡിലൂടെ നടന്ന ഇയാള്‍ പിന്നീട് സംഭവം നടന്ന നിലയില്‍ പട്ടിയെ കെട്ടിയിട്ടു. സൈനികനായിരുന്ന അച്ഛനെപ്പോലെ തന്റെ കുടുംബത്തിലും അച്ചടക്കവും നിയമങ്ങളും പ്രാര്‍ത്ഥന സമയത്ത് പാലിക്കേണ്ട കാര്യങ്ങളുമെല്ലാം ഇയാള്‍ പരിശീലിപ്പിച്ചിരുന്നു. മരണത്തെക്കുറിച്ചും ആത്മാക്കളേക്കുറിച്ചുമെല്ലാം ഇയാള്‍ ഗവേഷണം നടത്തിയിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പ്രേതത്തേക്കുറിച്ചുള്ളതും അസാധാരണവുമായ മറ്റ് വീഡിയോകള്‍ ഇയാള്‍ യൂട്യൂബിലൂടെ കണ്ടിരുന്നതായും പൊലീസിന് മനസിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com