ഒറ്റ തെരഞ്ഞെടുപ്പ്: എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍, നിയമകമ്മീഷന്റെ യോഗം ബഹിഷ്‌കരിക്കും

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താനുളള നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍.
ഒറ്റ തെരഞ്ഞെടുപ്പ്: എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍, നിയമകമ്മീഷന്റെ യോഗം ബഹിഷ്‌കരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താനുളള നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വാരാന്ത്യം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുളള നിയമകമ്മീഷന്റെ നീക്കത്തിനെതിരെ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പാര്‍ലമെന്റില്‍ നിന്നും വ്യത്യസ്തമായി യോഗം വിളിച്ചുചേര്‍ക്കാനുളള നിയമകമ്മീഷന്റെ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ഇത് പ്രായോഗികമല്ലെന്ന നിലപാടും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഫലത്തില്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താന്‍ ശക്തമായി വാദിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് തിരിച്ചടിയാകും.

കഴിഞ്ഞവര്‍ഷം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ത്തപ്പോള്‍, വ്യക്തമായ നിലപാട് സ്വീകരിക്കാതെ ബിജെപി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ, തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ ശക്തമാക്കി മോദി സര്‍ക്കാര്‍ സമാന്തരമായി നീങ്ങുകയാണ്.

തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ നീക്കം നടത്തുന്ന നിയമകമ്മീഷന്റെ നടപടി അര്‍ത്ഥശൂന്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിയമ കമ്മീഷന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്തുന്നത് സംബന്ധിച്ച് യോഗം വിളിക്കാന്‍  പ്രധാനമന്ത്രിയും സ്പീക്കറും തയ്യാറാകുന്നില്ല. വിഷയത്തെ ഗൗരവത്തോടെ കാണാതെ, നിയമകമ്മീഷനെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുതിര്‍ന്ന പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

ബിഎസ്പി, ഡിഎംകെ ഉള്‍പ്പെടെയുളള പാര്‍ട്ടികളും നിയമകമ്മീഷന്റെ നീക്കത്തിനെതിരെ രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാരുകളെ  പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 356 നിലനില്‍ക്കുന്ന കാലത്തോളം തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്തുന്നത് പ്രായോഗികമല്ലെന്ന് ഡിഎംകെ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com