പതിനൊന്ന് പേര്‍ മരിച്ചത് അഞ്ചു വര്‍ഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവില്‍: ഡെല്‍ഹി കൂട്ടമരണത്തിലെ ചുരുളുകള്‍ അഴിയുന്നു

ബുരാരിയിലെ ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്താവുന്നു.
പതിനൊന്ന് പേര്‍ മരിച്ചത് അഞ്ചു വര്‍ഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവില്‍: ഡെല്‍ഹി കൂട്ടമരണത്തിലെ ചുരുളുകള്‍ അഴിയുന്നു

ന്യൂഡല്‍ഹി: ബുരാരിയിലെ ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്താവുന്നു. സംഭവത്തിന് പിന്നില്‍ അഞ്ചുവര്‍ഷത്തെ ആസൂത്രണമെന്ന് പൊലീസ് കണ്ടെത്തി. കൂട്ട മോക്ഷപ്രാപ്തിയായിരുന്നു കുടുംബത്തിന്റെ ലക്ഷ്യം. അതിന് വേണ്ടി കുടുംബം ജീവത്യാഗം ചെയ്യുകയായിരുന്നു. 11 പേരുടെയും ആന്തരികാവയവ പരിശോധനാഫലം പുറത്തു വന്നാലേ പൊലീസിന് കൂടുതല്‍ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാവു. 

തൂങ്ങുന്നതിനു മുന്‍പ് മയക്കുമരുന്നുകള്‍ കഴിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഫലം ലഭിക്കണം. ലളിത് ഭാട്ടിയായിരുന്നു മുഖ്യ ആസൂത്രകന്‍. ഭാര്യ ടീനയും 'ആത്മഹത്യാ പദ്ധതി'യില്‍ ഭാഗമായി. 11 വര്‍ഷമായി തുടര്‍ച്ചയായി ഇവര്‍ ഡയറിയെഴുതിയിരുന്നു. നിത്യജീവിതത്തിലെ നിസാരകാര്യങ്ങള്‍ വരെ ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അമ്മ നാരായണി ദേവിയൊഴികെ കുടുംബത്തില്‍ എല്ലാവരും ലളിതിനെ 'ഡാഡി' എന്നാണ് വിളിച്ചിരുന്നത്. മരിച്ചുപോയ പിതാവുമായി താന്‍ സംസാരിക്കുന്നുണ്ടെന്നായിരുന്നു ലളിതിന്റെ വാദം. കുടുംബം സാമ്പത്തിക പ്രതിസന്ധിനേരിട്ട കാലത്ത് നിക്ഷേപംനടത്തി നേട്ടം സ്വന്തമാക്കിയതും പ്രിയങ്കയുടെ മുടങ്ങിക്കിടന്ന വിവാഹം നടത്തുന്നതിലേക്കുനയിച്ചതും ലളിതിന്റെ നിര്‍ദേശപ്രകാരമായിരുന്നു.

ഇതെല്ലാം പിതാവ് ഉള്‍പ്പെടെയുള്ള 'അദൃശ്യ ശക്തികള്‍' നല്‍കിയ സഹായമാണെന്നായിരുന്നു ലളിതിന്റെ വിശ്വാസം. ഇത് കുടുംബാംഗങ്ങളെയും പറഞ്ഞു വിശ്വസിപ്പിച്ചു. ഇവര്‍ക്കുള്ള നന്ദി പറച്ചിലായി നടത്തിയ 'ആചാര'ത്തിനൊടുവിലാണ് 11 പേരും മരിച്ചത്.

2007ലാണ് ലളിതിന്റെ പിതാവ് മരിച്ചത്. അപ്രതീക്ഷിത മരണത്തില്‍ തളര്‍ന്നുപോയ ലളിത് മൂന്നുമാസത്തിനു ശേഷം ഡയറിയെഴുതിത്തുടങ്ങി. പിതാവിനെപ്പോലെ പട്ടാളച്ചിട്ടയിലായിരുന്നു വീട്ടിലെകാര്യങ്ങള്‍ ലളിത് നോക്കിയിരുന്നത്. അതിരാവിലെത്തന്നെ പട്ടാളത്തെപ്പോലെ 'അറ്റന്‍ഷനില്‍' നില്‍ക്കണമെന്നായിരുന്നു നിര്‍ദേശങ്ങളില്‍ ഒന്ന്. കുടുംബത്തിന്റെ അവസാന കര്‍മത്തിനുശേഷം ടീനയുടെ സഹോദരി മംമ്തയ്ക്കുവേണ്ടിയും ഇത്തരമൊരു കര്‍മം നടത്താന്‍ ലളിത് പദ്ധതിയിട്ടിരുന്നു. ഇക്കാര്യം ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com