ബിജെപിയുടെ പെരുമാറ്റം നൂറു ഹിറ്റ്ലർമാരുടേതിന് സമം ; കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് മമത
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th July 2018 04:53 PM |
Last Updated: 08th July 2018 04:53 PM | A+A A- |

കൊൽക്കത്ത : ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസുമായി സഖ്യത്തിനും തയ്യാറെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബിജെപിക്കെതിരെ ഉദ്ദേശ ലക്ഷ്യവും ആശയ വ്യക്തതയുമുള്ള ആരുമായും സഹകരണത്തിന് തയ്യാറാണ്. കേന്ദ്രസർക്കാരിന്റേത് നൂറു ഹിറ്റ്ലർമാരുടേതിന് സമമായ ഭാവമാണെന്നും മമത കുറ്റപ്പെടുത്തി.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി താൻ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. രാഹുൽ തന്നേക്കാൾ വളരെ ജൂനിയറാണെന്നും മമത പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമത നിലപാട് വ്യക്തമാക്കിയത്.
ബിജെപിക്കെതിരെ എല്ലാ പാർട്ടികളും യോജിക്കണം എന്നാണ് തന്റെ ആഗ്രഹം. എന്നാൽ അത് താന്‍ മാത്രം തീരുമാനിക്കേണ്ട കാര്യമല്ല. എല്ലാ പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് തീരുമാനം എടുക്കണം. കഴിവും ഉദ്ദേശശുദ്ധിയുമുള്ള ആരുമായും സഹകരിക്കുന്നതിന് തൃണമൂൽ കോൺഗ്രസിന് വിരോധമില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാ സഖ്യം സാധ്യമാണെന്നും മമത പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തത്കാലം അങ്ങനെയൊരു ആഗ്രഹമില്ലെന്ന് മമത പറഞ്ഞു. ഞാനൊരു സാധാരണക്കാരിയാണ്. ഇപ്പോഴത്തെ ജോലികളിൽ തൃപ്തയാണ്. അത്തരം ചര്‍ച്ചകള്‍ക്ക് പകരം ഒന്നിച്ച് പ്രവര്‍ത്തിക്കലാണ് പ്രധാനമെന്നും മമത വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മൽസരത്തിൽ താൻ ഉണ്ടാകില്ലെന്ന് മമത ഉറപ്പിച്ച് വ്യക്തമാക്കിയിട്ടില്ല.
എൻഡിഎയെ പിന്തുണക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന്, അതേക്കുറിച്ച് ചിന്തിക്കാനാവില്ലെന്നായിരുന്നു പ്രതികരണം. ബി.ജെ.പി ജനങ്ങളെ പീഡിപ്പിക്കുകയാണ്. അവർ പെരുമാറുന്നത് നൂറുകണക്കിന് ഹിറ്റ്ലര്‍മാരെപ്പോലെയാണ്. ജനാധിപത്യ സഖ്യത്തിലേ തൃണമൂൽ ഭാഗമാകൂ എന്നും മമത വ്യക്തമാക്കി.