ഒരു ദിവസം ഒരു ലക്ഷം രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; മോഡലുകളെ പറ്റിച്ച് പണം കവര്‍ന്നു

തന്ത്രപൂര്‍വം ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കി അതില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു
ഒരു ദിവസം ഒരു ലക്ഷം രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; മോഡലുകളെ പറ്റിച്ച് പണം കവര്‍ന്നു

ന്യൂഡല്‍ഹി; മോഡലിങ്ങിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതികളുടെ പണം തട്ടിയതായി പരാതി. ഡച്ച് കമ്പനിയുമായുള്ള മോഡലിങ് കരാറിനു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടാണെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയാണ് പന്ത്രണ്ടോളം വരുന്ന മോഡലുകളെ പറ്റിച്ചത്. തന്ത്രപൂര്‍വം ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കി അതില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 

20 കാരിയായ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിക്ക് രണ്ട് ആഴ്ച മുന്നാണ് മോഡലിനെ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള മെസേജ് ലഭിക്കുന്നത്. കോളേജിലെ ഫാഷന്‍ സൊസൈറ്റിയുടെ ഭാഗമാണ് ഈ പെണ്‍കുട്ടി. ഡച്ച് ഫാഷന്‍ കമ്പനിയുടെ സീനിയര്‍ ഏജന്റാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരന്‍ യുവതിയെ സമീപിച്ചത്. പുരുഷ- സ്ത്രീ മോഡലുകളെ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. മൂന്ന് ദിവസത്തെ ഷൂട്ടിന് മൂന്ന് ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും ഇയാള്‍ പറഞ്ഞു. താല്‍പ്പര്യമുണ്ടെങ്കില്‍ ജൂണ്‍ 28 ന് ഡല്‍ഹിയിലെ മഹിപല്‍പൂരിലെ ഒരു ഹോട്ടലില്‍ വന്ന കാണണമെന്നും ആവശ്യപ്പെട്ടു. 

ഇത് വിശ്വസിച്ച് ഹോട്ടലില്‍ എത്തിയ യുവതി ഏഴോളം വനിത മോഡലുകളെ റൂമില്‍ കണ്ടു. ഇതേ ഹോട്ടലിലെ അടുത്ത മുറിയിലായിരുന്നു ഏജന്റ് താമസിച്ചിരുന്നത്. മൂന്ന് ദിവസമുള്ള ഷൂട്ടില്‍ ഓരോ ദിവസം ഓരോ ലക്ഷം രൂപ നല്‍കുമെന്നാണ് ഇയാള്‍ പറഞ്ഞത്. യൂറോയിലായിരിക്കും പണം നല്‍കുന്നതെന്നും പറഞ്ഞു. രാവിലെ ഷൂട്ട് ആരംഭിക്കുന്നതിനാല്‍ ഹോട്ടലില്‍ തന്നെ തങ്ങാനും ഇയാള്‍ ആവശ്യപ്പെട്ടു. സംസാരിച്ച് ഉറപ്പിച്ചതിന് ശേഷം പണം ട്രാന്‍ഫര്‍ ചെയ്യാനുള്ള ബാങ്ക് ഡീറ്റെയില്‍സ് ഏജന്റ് ആവശ്യപ്പെട്ടു. കൂടാതെ എടിഎം കാര്‍ഡിന്റെ അവസാനത്തെ ആറ് ഡിജിറ്റും ബാങ്ക് അക്കൗണ്ട് വിവരങ്ങും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള പാസ് വേഡ് ലഭിക്കാന്‍ മൊബൈല്‍ ഫോണും കൈമാറാന്‍ ആവശ്യപ്പെട്ടു. 

രാത്രിയില്‍ എന്തോ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ബാക്കിയുള്ള മോഡലുകളെല്ലാം ഉണര്‍ന്നിരിക്കുന്നതാണ് പെണ്‍കുട്ടി കണ്ടത്. കൂട്ടത്തില്‍ ഒരാള്‍ ഏജന്റിനെ കാണാനായി അടുത്ത മുറിയിലേക്ക് ചെന്നെങ്കിലും മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. റിസപ്ഷനില്‍ ചോദിച്ചപ്പോള്‍ അയാള്‍ പോയെന്നുള്ള മറുപടിയാണ് ലഭിച്ചത്. ഇവരുടെ കൈയിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും മറുപടിയും ലഭിച്ചില്ല. ഇവരില്‍ നിന്ന് മൊത്തം ഏകദേശം അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഫോണ്‍ നമ്പറും സോഷ്യല്‍ മീഡിയ പ്രൊഫൈലും ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com