യുപിയിലെ ഗുണ്ടാനേതാവ് മുന്ന ബജ്‌റംഗി ജയിലില്‍ വെടിയേറ്റ് മരിച്ചു

മുന്നയെ വധിക്കാന്‍ യുപി പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഗൂഢാലോചന നടത്തുന്നതായി ഭാര്യ സീമാ സിംഗ് ആരോപണം ഉന്നയിച്ചിരുന്നു
യുപിയിലെ ഗുണ്ടാനേതാവ് മുന്ന ബജ്‌റംഗി ജയിലില്‍ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് മുന്ന ബജ്‌റംഗി എന്നറിയപ്പെടുന്ന പ്രേം പ്രകാശ് സിംഗ് ജയിലില്‍ വെടിയേറ്റ് മരിച്ചു. ബാഗ്പത് ജില്ലാ ജയിലിലാണ് സംഭവം. മുന്നയെ വധിക്കാന്‍ യുപി പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഗൂഢാലോചന നടത്തുന്നതായി ഭാര്യ സീമാ സിംഗ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നയുടെ ദുരൂഹമരണം.

ഒരു കേസുമായി ബന്ധപ്പെട്ട് മുന്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി. ജയിലിലെ മറ്റൊരു തടവുകാരന്‍ മുന്നയെ വെടിവെക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. ജയിലിലുള്ള മറ്റൊരു ഗുണ്ടാ നേതാവ് സുനില്‍ രതിയാണ് കൊലപാതകത്തിന് പിന്നിലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ജയിലിലുള്ള തടവുകാരന് എങ്ങനെ തോക്ക് കിട്ടി എന്ന ചോദ്യത്തിന് ജയില്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. കൊലപാതകം. വധശ്രമം, പണാപഹരണം എന്നിവടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മുന്ന. 2005ല്‍ ഗാസിപൂരില്‍ വച്ച് ബി.ജെ.പി എം.എല്‍.എ കൃഷ്ണാനന്ദ് റായിയേും ഏഴ് സഹായികളേയും വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയുമാണ് മുന്ന ബജ്‌റംഗി. 

പ്രാദേശിക ഗുണ്ടാനേതാക്കള്‍ തമ്മില്‍ ജയിലിനുള്ളില്‍ വച്ചുണ്ടായ സംഘര്‍ഷമാണ് മുന്നയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് യു.പി ഡി.ജി.പി ഒ.പി.സിംഗ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുപി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിലറെ സസ്‌പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com