സംശയം തോന്നിയ യാത്രക്കാരന്റെ ട്വീറ്റ് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും ; 26 പെൺകുട്ടികളെ മനുഷ്യക്കടത്തുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്തി

സംശയം തോന്നിയ യാത്രക്കാരൻ ഉടൻ വിവരം പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, യുപി മുഖ്യമന്ത്രി എന്നിവരെ ട്വിറ്ററിലൂടെ അറിയിച്ചു
സംശയം തോന്നിയ യാത്രക്കാരന്റെ ട്വീറ്റ് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും ; 26 പെൺകുട്ടികളെ മനുഷ്യക്കടത്തുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്തി

മുസഫര്‍നഗര്‍ : ഒരു ട്രെയിന്‍ യാത്രക്കാരന്റെ സംശയവും സമയോചിത ഇടപെടലും രക്ഷിച്ചത് 26 പെണ്‍കുട്ടികളുടെ ജീവിതം. മനുഷ്യക്കടത്തുകാരുടെ പിടിയിലായ പെണ്‍കുട്ടികളെയാണ് ഇയാളുടെ സംശയം സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. മുസഫര്‍പൂരില്‍ നിന്നും ബാന്ദ്രാ ആവാധ് എക്‌സ്പ്രസിലെ എസ്-5  കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു ആദര്‍ശ് ശ്രീവാസ്തവ എന്ന യാത്രക്കാരന്‍. ഇതിനിടെയാണ് ആ കോച്ചില്‍ മനുഷ്യക്കടത്ത് സംഘം കൊണ്ടുപോകുകയായിരുന്ന കുട്ടികളെ അസ്വാഭാവിക നിലയില്‍ കണ്ടെത്തിയത്. 

10 നും 14 നും ഇടയില്‍ പ്രായക്കാരായിരുന്നു പെണ്‍കുട്ടികള്‍. പേടിച്ചരണ്ട നിലയിലായിരുന്ന അവര്‍ കരയുകയും ചെയ്യുന്നുണ്ടായിരുന്നു. ഒട്ടും സുഖകരമായ അന്തരീക്ഷത്തിലല്ല ഇവര്‍ യാത്ര ചെയ്യുന്നതെന്ന് മനസ്സിലാക്കിയ യാത്രക്കാരന്‍ എന്തോ പന്തികേട് മണത്തു. ഉടന്‍ തന്നെ അയാള്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, റെയില്‍വേ സഹമന്ത്രി മിനിസ്റ്റര്‍ മനോജ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയെല്ലാം ട്വിറ്ററിലൂടെ വിവരം അറിയിച്ചു. 

ട്വീറ്റ് ലഭിച്ച് ഉടനടി റെയില്‍വേ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മണിക്കൂറുകള്‍ക്കകം വാരണാസി, ലഖ്‌നൗ എന്നിവിടങ്ങളിലെ റെയില്‍വേ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സജ്ജമായി. പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ റെയില്‍വേ പൊലീസ്, മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗൊരഖ്പൂര്‍ റെയില്‍വേ പോലീസും മനുഷ്യക്കടത്ത് വിരുദ്ധ സംഘവും ചൈല്‍ഡ് ലൈനുമായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ട്വീറ്റ് സന്ദേശത്തിന് പിന്നാലെ, രണ്ട് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ സാധാരണ വേഷത്തില്‍ സംഘത്തെ അനുഗമിച്ചിരുന്നു.  

പെണ്‍കുട്ടികളെല്ലാം ബീഹാറിലെ ചമ്പാരനില്‍ നിന്നുള്ളവരാണ്. ഇവരെ നര്‍ക്കാട്ടിക്യാഗഞ്ചില്‍ നിന്നും ഇദഗായിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ സര്‍ക്കാരിന്റെ ശിശുക്ഷേമ വിഭാഗത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു. സൂര്യ അഭിനയിച്ച ഗജിനി സിനിമയില്‍ ട്രെയിനില്‍ മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്ന് നായിക അസിന്‍ കുട്ടികളെ രക്ഷിക്കുന്ന രംഗത്തെ അനുസ്മരിക്കുന്നതാണ് ഉത്തര്‍പ്രദേശില്‍ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com