ഹൈദരബാദ്: മദ്യപിച്ച് ലക്കുകെട്ടെത്തിയ പിതാവ് മൂന്നു വയസ് മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിന്റെ തല ഓട്ടോയിലിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയാണ് പിതാവിന്റെ ക്രൂരത. ഹൈദരാബാദിലെ ശ്രീനിവാസനഗര്‍ കോളനി നിവാസിയായ ശിവ ഗൗഡാണ് വീടിന് സമീപമുള്ള തെരുവില്‍ വച്ച് ഭാര്യയുമായി കലഹിക്കുകയും കുട്ടിയെ യാതൊരു ദയയും കൂടാതെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലിടിക്കുകയും ചെയ്തത്.
സംഭവമറിഞ്ഞ പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ അക്രമാസക്തനാകുകയായിരുന്നു. കുട്ടിയെ വെറുതെ വിടാനായി ഭാര്യ യാചിക്കുന്നതും വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടില്ല. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ശിശു സംരക്ഷണ വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ കുട്ടിയുടെ അമ്മ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവം നടന്ന സ്ഥലത്ത് ഓടിക്കൂടിയവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിഡിയോ പ്രചരിച്ചതോടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിതാവിനെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ