താജ്മഹല്‍ ഒന്നുകില്‍ അടച്ചുപൂട്ടുകയോ പൊളിച്ചുനീക്കുകയോ ചെയ്യുക, അല്ലെങ്കില്‍....; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

ഈഫല്‍ ടവറിനേക്കാള്‍ എത്രയോ മനോഹരമാണ് താജ്മഹല്‍. ഉദാസീനത കൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്ന് കോടതി
താജ്മഹല്‍ ഒന്നുകില്‍ അടച്ചുപൂട്ടുകയോ പൊളിച്ചുനീക്കുകയോ ചെയ്യുക, അല്ലെങ്കില്‍....; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി


ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ് മഹലിനോട് കേന്ദ്രസര്‍ക്കാറിന്റെ അവഗണനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒന്നുകില്‍ ഈ ചരിത്ര സ്മാരകം അടച്ചു പൂട്ടുകയോ, പൊളിച്ചുനീക്കുകയോ അല്ലെങ്കില്‍ പുനരുദ്ധരിക്കുകയോ ചെയ്യണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചരിത്ര സ്മാരകത്തിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. 

ഈഫല്‍ ടവറിനേക്കാള്‍ എത്രയോ മനോഹരമാണ് താജ്മഹല്‍. 80 ലക്ഷം സന്ദര്‍ശകരാണ് ഈഫല്‍ ടവര്‍ കാണാന്‍ എത്തുന്നത്. മികച്ച രീതിയില്‍ പരിപാലിച്ചാല്‍ അതിനേക്കാള്‍ വിദേശനാണ്യം താജ്മഹലിലൂടെ നമുക്ക് സ്വന്തമാക്കാം. നിങ്ങളുടെ ഉദാസീനത കൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. 

താജ്മഹലിന്റെ സംരക്ഷണം സംബന്ധിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉദാസീന നിലപാടിനെ രൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്. ചരിത്ര സ്മാരകം സംരക്ഷിക്കുന്നത് സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് ക്മ്മിറ്റി റിപ്പോര്‍ട്ട് അവഗണിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. താജ്മഹലിന് സമീപത്തെ മലിനീകരണം കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. 

താജ് മഹല്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ വ്യാവസായിക യൂണിറ്റ് ആരംഭിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിച്ച സംഭവത്തില്‍ താജ് ട്രപീസിയം സോണിനോട് സുപ്രീംകോടതി വിശദീകരണം തേടി. താജ് മഹലിന്റെ പരിപാലനത്തില്‍ വീഴ്ച വരുത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെ സുപ്രീംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com