പുരുഷന്മാരെ മാത്രം കുറ്റംപറയാനാവില്ല, വിവാഹേതര ബന്ധത്തില്‍ സ്ത്രീകളും കുറ്റക്കാര്‍; വകുപ്പ് ഭേദഗതി ചെയ്യാന്‍ കേന്ദ്രം

നിലവിലുള്ള നിയമത്തില്‍ പരപുരുഷ ബന്ധമുള്ള വിവാഹിതയായ സ്ത്രീകള്‍ക്ക് പൂര്‍ണസംരക്ഷണമാണുള്ളത്
പുരുഷന്മാരെ മാത്രം കുറ്റംപറയാനാവില്ല, വിവാഹേതര ബന്ധത്തില്‍ സ്ത്രീകളും കുറ്റക്കാര്‍; വകുപ്പ് ഭേദഗതി ചെയ്യാന്‍ കേന്ദ്രം

ന്യൂഡല്‍ഹി; വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഇനി മുതല്‍ കുറ്റക്കാരാകും. ഇതിനായി നിയമം ഭേദഗതി വരുത്താനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഭാരതീയ സംസ്‌കാരത്തില്‍ വിവാഹത്തിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ വകുപ്പ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്ത്രീകളെ ഇരയായി കണ്ട് സംരക്ഷണം നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചു. എന്നാല്‍ വിവാഹിതയുമായി അവിഹിതബന്ധം പുലര്‍ത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദാക്കില്ല.

കോഴിക്കോട് സ്വദേശി ജോസഫ് ഷൈന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പുരുഷനും സ്ത്രീയും ഒരുപോലെ തെറ്റുകാരാണെന്നിരിക്കേ സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് ജോസഫ് ഹര്‍ജിയില്‍ പറഞ്ഞത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും റദ്ദാക്കണമെന്ന ഹര്‍ജിയോട് യോജിക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെങ്കിലും വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.

നിലവിലുള്ള നിയമത്തില്‍ പരപുരുഷ ബന്ധമുള്ള വിവാഹിതയായ സ്ത്രീകള്‍ക്ക് പൂര്‍ണസംരക്ഷണമാണുള്ളത്. 'മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം' എന്ന മളീമഠ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. വിവാഹേതര ബന്ധം കുറ്റകരമാണെന്നും നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് ലോ കമ്മിഷന്‍ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. 

പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷന് അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കുകയും ചെയ്യും. എന്നാല്‍, പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും വകുപ്പില്ല. എണ്‍പതോളം രാജ്യങ്ങളില്‍ ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം കുറ്റകരമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com