'റേപിസ്ഥാന്‍' പ്രയോഗത്തിന് ഐഎഎസുകാരനെതിരെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍;  അത് 'സര്‍ക്കാസ'മായിരുന്നുവെന്ന് ഷാ ഫൈസല്‍

'പാട്രിയാര്‍ക്കി + ജനസംഖ്യ + നിരക്ഷരത +മദ്യം+അശ്ലീല ചിത്രങ്ങള്‍+സാങ്കേതിക വിദ്യ+അരാജകത്വം= റേപ്പിസ്ഥാന്‍' എന്ന പേരില്‍ ഷാ ട്വീറ്റ് ചെയ്യുകയായിരുന്നു
'റേപിസ്ഥാന്‍' പ്രയോഗത്തിന് ഐഎഎസുകാരനെതിരെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍;  അത് 'സര്‍ക്കാസ'മായിരുന്നുവെന്ന് ഷാ ഫൈസല്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ പീഡന വാര്‍ത്ത, റേപ്പിസ്ഥാനെന്ന തലക്കെട്ടില്‍ ട്വീറ്റ് ചെയ്ത ഐഎഎസ്  ഉദ്യോഗസ്ഥനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 2010 ലെ സിവില്‍ സര്‍വ്വീസ്  ഒന്നാം റാങ്കുകാരനായ കശ്മീര്‍ സ്വദേശി ഷാ ഫൈസലാണ് സര്‍ക്കാസം ട്വീറ്റ് ചെയ്ത് വെട്ടിലായിരിക്കുന്നത്.

ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ സത്യസന്ധത പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പൊതുഭരണ വിഭാഗമാണ് കത്തയച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വിഭാഗം ആവശ്യപ്പെട്ട പ്രകാരം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ട്വീറ്റിലൂടെ സിവില്‍ സര്‍വ്വീസ് ചട്ടം ലംഘിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.

 ഏപ്രില്‍ മാസം 22നാണ് 'തെക്കനേഷ്യയിലെ ബലാത്സംഗ സംസ്‌കാര'ത്തിനെതിരെ ഷാ ഫൈസല്‍  ട്വീറ്റ് ചെയ്തത്. ഗുജറാത്തില്‍ അശ്ലീല ചിത്രത്തിന് അടിമയായയാള്‍ 46 കാരിയെ ബലാത്സംഗം ചെയ്ത  വാര്‍ത്ത,  'പാട്രിയാര്‍ക്കി + ജനസംഖ്യ + നിരക്ഷരത +മദ്യം+അശ്ലീല ചിത്രങ്ങള്‍+സാങ്കേതിക വിദ്യ+അരാജകത്വം= റേപ്പിസ്ഥാന്‍' എന്ന പേരില്‍ ഷാ ട്വീറ്റ് ചെയ്യുകയായിരുന്നു. 

വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് ഷാ തന്നെയാണ് പുറത്തു വിട്ടത്. 'ബലാത്സംഗ സംസ്‌കാരത്തിനെതിരെയുള്ള സര്‍ക്കാസ ട്വീറ്റിന് എന്റെ ബോസ് എനിക്കൊരു പ്രേമലേഖനം അയച്ചിട്ടുണ്ട്' എന്ന പേരിലാണ് അദ്ദേഹം പങ്കുവച്ചത്.
 ജമ്മുകശ്മീരില്‍ നിന്നുള്ള ഐഎഎസുകാരനെതിരെയുള്ള ഈ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമാര്‍ അബ്ദുള്ള പറഞ്ഞു. സര്‍ക്കാസം ട്വീറ്റ് എങ്ങനെയാണ് ആത്മാര്‍ത്ഥയില്ലായ്മയും വഞ്ചനാപരവും ആകുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.

 ജമ്മു കശ്മീരിലെ വൈദ്യുതി വികസന മന്ത്രാലയം എംഡിയായിരുന്ന ഷാ ഫൈസല്‍ ഇപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ഉപരിപഠനം നടത്തുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com