ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്ഥാനാ'കും, ഭരണഘടന തകരും:  മോദിയെ കടന്നാക്രമിച്ച്  ശശി തരൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2018 05:23 AM  |  

Last Updated: 12th July 2018 05:39 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്ഥാന്‍' ആയി മാറുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. നിലവിലുള്ള ജനാധിപത്യ ഭരണഘടനയെ അവര്‍ തകര്‍ക്കുമെന്നും പുതിയത് നിര്‍മ്മിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ ഭരണഘടനയാവും ബിജെപി പുതിയതായി നിര്‍മ്മിച്ചെടുക്കുന്നത്. അതിനാവശ്യമായ എല്ലാ സാധ്യതകളും ഇന്ന് ബിജെപിയെന്ന വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കൈവശം ഉണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ എടുത്ത് കളയാനും അവര്‍ മടിക്കില്ലെന്നും തരൂര്‍ പറഞ്ഞതായി ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു സ്ഥിതിയിലേക്ക് എത്തുന്നതിന് വേണ്ടിയല്ല മഹാത്മഗാന്ധിയും നെഹ്‌റുവുമൊന്നും പോരാടിയതെന്നും തരൂര്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നതിനെക്കാള്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ പ്രചരണയോഗങ്ങളിലാണ് താത്പര്യമെന്നും അദ്ദേഹം തുറന്നടിച്ചു.

 അതേസമയം തരൂരിന്റെ ഹിന്ദുപാകിസ്ഥാന്‍ പ്രയോഗത്തിനെതിരെ ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെയും ഹിന്ദുക്കളെയും ഒരുപോലെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്നും കോണ്‍ഗ്രസിന്റെ പാക് പ്രീണനനയം വെളിവായിരിക്കുകയാണെന്നും ബിജെപി വക്താവ് സാംബിത് പത്ര ട്വീറ്റ് ചെയ്തു.