ഹിന്ദു പാകിസ്ഥാന്‍: തരൂരിനെ കൈവിട്ട് കോണ്‍ഗ്രസ്; പിന്തുണയുമായി സിപിഎം, ഉറച്ചുനില്‍ക്കുന്നെന്ന് ശശി തരൂര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th July 2018 05:51 PM |
Last Updated: 12th July 2018 07:12 PM | A+A A- |

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്ഥാന്‍' ആയി മാറുമെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്. എല്ലാ നേതാക്കളും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്ത് മോദി സര്‍ക്കാര്‍ വിഭാഗിയതയും വെറുപ്പും വളര്‍ത്തുകയാണ്. മറുവശത്ത് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നിലകൊള്ളുകയാണ്- കോണ്‍ഗ്രസ് നേതാവ് രണ്‍ജീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ഇന്ത്യയുടെ മുല്യങ്ങളും അടിസ്ഥാന തത്വങ്ങളുമാണ് നമ്മുടെ രാജ്യത്തിന്റെ ആധുനികതയില്‍ നിര്‍ണായക പങ്കുവഹിച്ചിരിക്കുന്നത്. അതാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവരില്‍ അര്‍പ്പിതമായ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ശശി തരൂര്‍ രംഗത്തെത്തി. ഞാന്‍ മുമ്പും ഇതു പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ഒരു ശക്തമായ മതത്തിന്റെ അടിത്തറയില്‍ നിര്‍മിക്കപ്പെട്ട പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ യുക്തി അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാകിസ്ഥാന്റെ തനിപ്പകര്‍പ്പാണ്.
മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ കീഴാളരായി പരിഗണിക്കുന്ന ഇടമാകും അത്. അതൊരു ഹിന്ദു പാക്കിസ്ഥാന്‍ ആയിരിക്കും. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടന്നത് അതിനുവേണ്ടിയായിരുന്നില്ല. ഭരണഘടനയില്‍ പവിത്രമായി സൂക്ഷിക്കുന്ന ഇന്ത്യയെന്ന സങ്കല്‍പം അതല്ല താനും. പാക്കിസ്ഥാന്റെ ഹിന്ദു പതിപ്പായി മാറാതെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ കാത്തു സൂക്ഷിക്കുകയാണു വേണ്ടത്-തരൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അതേസമയം തരൂരിന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. തിരുവനന്തപുരത്തായിരുന്നു ശശി തരൂര്‍ തന്റെ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ ഭരണഘടനയാവും ബിജെപി പുതിയതായി നിര്‍മ്മിച്ചെടുക്കുന്നത്. അതിനാവശ്യമായ എല്ലാ സാധ്യതകളും ഇന്ന് ബിജെപിയെന്ന വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കൈവശം ഉണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ എടുത്ത് കളയാനും അവര്‍ മടിക്കില്ലെന്നും തരൂര്‍ പറഞ്ഞതായി ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു സ്ഥിതിയിലേക്ക് എത്തുന്നതിന് വേണ്ടിയല്ല മഹാത്മഗാന്ധിയും നെഹ്‌റുവുമൊന്നും പോരാടിയതെന്നും തരൂര്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നതിനെക്കാള്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ പ്രചരണയോഗങ്ങളിലാണ് താത്പര്യമെന്നും അദ്ദേഹം തുറന്നടിച്ചു.