ആന്ധ്രാ മീനില്‍ ഫോര്‍മാലിന്‍; ഇറക്കുമതി തടഞ്ഞ് അസം സര്‍ക്കാര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th July 2018 12:36 PM  |  

Last Updated: 12th July 2018 12:36 PM  |   A+A-   |  

 

ഗുവാഹത്തി: രാസപരിശോധനയില്‍ മീനില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മീന്‍ വേണ്ടെന്ന് വെച്ച് അസം സര്‍ക്കാര്‍. പ്ത്തുദിവസത്തേക്കാണ് സംസ്ഥാനത്തേക്കുള്ള മീന്‍ ഇറക്കുമതി അസം സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. 

കേരളത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ കണ്ടെത്തിയത് വാര്‍ത്തയായപ്പോള്‍ തന്നെ മീന്‍ പരിശോധനയ്ക്ക് അയച്ചിരുന്നുവെന്നും ഫലം ഇപ്പോഴാണ് വന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജൂണ്‍ 29നാണ് ആന്ധ്രയില്‍ നിന്നെത്തിയ മീന്‍ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചത്, ഫോര്‍മലിന്‍ കലര്‍ന്നിട്ടുണ്ടെന്ന ഫലം ലഭിച്ചിട്ടുണ്ട്. ഇനി വിഷം കലരാത്ത മീനാണെന്ന് അതത് സംസ്ഥാനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇറക്കുമതി തുടരൂകയുള്ളുവെന്ന് ആരോഗ്യ മന്ത്രി പീയുഷ് ഹസാരിക പറഞ്ഞു. 

ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായി നീക്കം ചെയ്തതായും ശക്തമായ പരിശോധന തുടരുമെന്നും സംസ്ഥാനത്തെ ഭക്ഷ്യ വകുപ്പ് അറിയിച്ചു. നിരോധനം മറികടന്ന് ആരെങ്കിലും ഫോര്‍മലിന്‍ കലര്‍ന്ന മീന്‍ വില്‍പന നടത്തുന്നതായി കണ്ടെത്തിയാല്‍ 2 മുതല്‍ 7 വര്‍ഷം വരെ തടവിനും, കനത്ത പിഴയ്ക്കും വിധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച ആയിരക്കണക്കിന് കിലോ മീനില്‍ നിന്ന് ഫോര്‍മലിന്‍ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അസമിലും സമാനമായ സംഭവമുണ്ടായിരിക്കുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വിപണിയില്‍ സജീവമാണെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മീന്‍ കയറ്റുമതി ഭാഗികമായി നിലച്ച പല പ്രദേശങ്ങളും ഇതോടെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്.