തോക്കുചൂണ്ടി 'കാമുകന്റെ' വിവാഹാഭ്യര്‍ത്ഥന; പന്ത്രണ്ട് മണിക്കൂര്‍ ബന്ദിയാക്കപ്പെട്ട മോഡലിനെ  പൊലീസ് മോചിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2018 09:47 PM  |  

Last Updated: 13th July 2018 09:47 PM  |   A+A-   |  

 ഭോപ്പാല്‍:  വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവാവ് ബന്ദിയാക്കി വച്ച മോഡലിനെ ഒടുവില്‍ പൊലീസെത്തി മോചിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. നീണ്ട പന്ത്രണ്ടു മണിക്കൂറാണ് കാമുകനെന്ന് അവകാശപ്പെട്ട റോഹിത് സിങ് പെണ്‍കുട്ടിയെ ബന്ദിയാക്കിയത്. 

രാവിലെ ഏഴ് മണിയോടെ പെണ്‍കുട്ടിയുടെ ഫഌറ്റില്‍ കയറിക്കൂടിയ ഇയാള്‍, മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ടു. പെണ്‍കുട്ടിയെ തടവിലാക്കിയ ശേഷം, വിവാഹം കഴിക്കാന്‍ വിസമ്മതിച്ചാല്‍ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ കൊല്ലുമെന്ന വിവരം വീഡിയോ കോളിലൂടെ പൊലീസിനെയും മാധ്യമങ്ങളെയും ഇയാള്‍ തന്നെയാണ് അറിയിച്ചത്.  പൊലീസിനയച്ച വീഡിയോ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിക്ക് മുറിവേറ്റതായി കാണാമായിരുന്നു. 

മൊബൈല്‍ ചാര്‍ജറും സ്റ്റാമ്പ് പേപ്പറും ആവശ്യപ്പെട്ട റോഹിത് സിങ്,വിവാഹസമ്മത പത്രം പെണ്‍കുട്ടിയും മാതാപിതാക്കളും നല്‍കിയതായി മാധ്യമങ്ങളെയും അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ് പൊലീസിന് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ കഴിഞ്ഞത്. രക്ഷാദൗത്യത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ മോചിപ്പിക്കുന്നതിനായി എത്തിയത്.
മുംബൈയില്‍ മോഡലിംഗ് ചെയ്തിരുന്ന സമയത്ത് റോഹിത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ പൊലീസ് താക്കീത് ചെയ്ത് വിട്ടിട്ടുമുണ്ട്.