പാര്‍ട്ടി വക്താക്കളുടെ പേര് തെറ്റാതെ എഴുതിപ്പഠിക്കാന്‍ കോണ്‍ഗ്രസിനോട് സോഷ്യല്‍ മീഡിയ; ഇക്കുറി പുലിവാല് പിടിച്ചത് പ്രിയങ്ക ചോപ്ര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2018 02:28 AM  |  

Last Updated: 13th July 2018 02:28 AM  |   A+A-   |  

ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടിയിലെ  നേതാക്കളുടെ പേരെങ്കിലും തെറ്റിക്കാതെ എഴുതാന്‍ കോണ്‍ഗ്രസ് പഠിക്കുകയാണ് ആദ്യം വേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പും മോദിക്കെതിരായ ആക്രമണവും ഒക്കെ അക്ഷരം പഠിച്ചിട്ടാവാമെന്നാണ് പാര്‍ട്ടിക്ക് ട്വിറ്ററേനിയന്‍സിന്റെ ഉപദേശം. 

പാര്‍ട്ടി വക്താവായ പ്രിയങ്ക ചതുര്‍വേദിക്ക് പകരം ബോളിവുഡ് സൂപ്പര്‍താരമായ പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്താണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഐഡിയില്‍ നിന്നും  ട്വീറ്റ് സന്ദേശങ്ങള്‍ പറന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ട്വീറ്റ് കൂടിയാവുമ്പോള്‍ അബദ്ധമൊഴിവാക്കാന്‍ അല്‍പ്പമൊക്കെ ശ്രദ്ധ കൂടിയാവാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മണ്ണ് പരിശോധനാ ലാബുകളെ കുറിച്ച് മോദി പറഞ്ഞതത്രയും നുണയാണ് എന്ന് പ്രിയങ്ക ചതുര്‍ വേദി പറഞ്ഞതിനാണ് ആളുമാറി ബോളിവുഡ് താരത്തെ ടാഗ് ചെയ്തത്. അബദ്ധം പിണഞ്ഞുവെന്ന് മനസിലാക്കിയതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗം തടിതപ്പിയെങ്കിലും അപ്പോഴേക്കും  വൈറലായിക്കഴിഞ്ഞിരുന്നു.