ലൈംഗിക പീഡന ആരോപണം; ഗുജറാത്ത് ബിജെപി ഉപാധ്യക്ഷന്‍ രാജിവച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th July 2018 10:10 PM  |  

Last Updated: 13th July 2018 10:10 PM  |   A+A-   |  

 

അഹമ്മദാബാദ്: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ഗുജറാത്ത് ബിജെപി വൈസ് പ്രസിഡന്റ് ജയന്തി ഭാനുശാലി സ്ഥാനംം രാജിവച്ചു. കച്ചില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ് ഇയാള്‍. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നതായി ജയന്തി പറഞ്ഞു. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാനിക്ക് അയച്ച രാജിക്കത്തില്‍ ജയന്തി ആരോപിച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജി അംഗീകരിച്ചതായി ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി. 

സൂറത്തില്‍ നിന്നുള്ള 21കാരിയാണ് എംഎല്‍എക്ക് എതിരെ പീഡനാരോപണം ഉന്നയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രമുഖ ഫാഷന്‍ ഡിസൈന്‍ കോളജില്‍ അഡ്മിഷന്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ തന്നെ പലതവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. പീഡനത്തിന്റെ വീഡിയൊ എംഎല്‍എയുടെ സഹായി പകര്‍ത്തുകയും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.