ലൈംഗീക പീഡനത്തിന്റെ ഇരയായി ജീവിക്കാന്‍ വയ്യ; ദയാവധം തേടി രാഷ്ട്രപതിക്ക് യുവാവിന്റെ കത്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2018 07:27 AM  |  

Last Updated: 13th July 2018 07:27 AM  |   A+A-   |  

l_183138_120221_print

 

ന്യൂഡല്‍ഹി: ലൈംഗീക പീഡനത്തിന് ഇരയായതിന്റെ പേരില്‍ തനിക്ക് ദയാവധം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് യുവാവിന്റെ കത്ത്. ഇരുപത്തിനാലുകാരനാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. 

ലൈംഗീക പീഡനത്തിന്റെ ഇരയായി ജീവിച്ചിരിക്കുന്നതിന്റെ അപമാനം താങ്ങാനാവുന്നില്ലെന്നാണ് ദയാവധത്തിന് അനുമതി തേടി ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരനായ യുവാവ് കത്തില്‍ പറയുന്നത്. 

എട്ട് വയസുള്ളപ്പോഴായിരുന്നു ഇയാള്‍ ആദ്യമായി ലൈംഗീക പീഡനത്തിന് ഇരയാകുന്നത്. അന്ന് ബന്ധുവായ സ്ത്രീയാണ് പീഡിപ്പിച്ചത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപികയും പീഡിപ്പിച്ചു. ഇക്കാര്യം വീട്ടില്‍ അറിയിച്ചു എങ്കിലും പൊലീസില്‍ പരാതി നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. 

ഒരു ആണ്‍കുട്ടി ലൈംഗീക പീഡനത്തിന് ഇരയായി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്ന കാരണം പറഞ്ഞാണ് വീട്ടുകാര്‍ പരാതി നല്‍കാതിരുന്നതെന്ന് യുവാവ് പറയുന്നു. പീഡനം നടന്നിട്ട് വര്‍ഷങ്ങളായെങ്കിലും അതിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് യുവാവ് പറയുന്നു. 

കുട്ടികള്‍ക്കെതിരായ ലൈംഗീക ചൂഷണം തടയുന്നതിന് വേണ്ടിയുള്ള പോരാട്ടം എന്ന നിലയ്ക്ക് കൂടിയാണ് യുവാവ് രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്.