ആന്ധ്രയില്‍ ബിജെപിക്ക് തടയിടാന്‍  തന്ത്രങ്ങളുമായി കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി തിരിച്ചെത്തി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th July 2018 01:13 PM  |  

Last Updated: 13th July 2018 01:13 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  ആന്ധ്രാപ്രദേശിലെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തുപകര്‍ന്ന് മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ എന്‍ കിരണ്‍കുമാര്‍ റെഡ്ഡി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടി വരുന്ന ലോക്്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാനുളള പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് നീക്കം തിരിച്ചടിയാകും. ആന്ധ്രാപ്രദേശില്‍ വലിയ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 

ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു കിരണ്‍കുമാര്‍ റെഡ്ഡിയുടെ കോണ്‍ഗ്രസിലേക്കുളള പുന: പ്രവേശനം. കിരണ്‍ കുമാര്‍ റെഡ്ഡിയെ മടക്കി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആന്ധ്രാപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ആന്ധ്രാപ്രദേശ് പിസിസി പ്രസിഡന്റ് എന്‍ രാഘവ വീര റെഡ്ഡിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.  കിരണ്‍ കുമാര്‍ റെഡ്ഡിയുടെ തിരിച്ചുവരവ് ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്ധ്രാപ്രദേശ് വിഭജനത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് 2014ലാണ് കിരണ്‍ കുമാര്‍ റെഡ്ഡി പാര്‍ട്ടി വിട്ടത്. കെ റോസയ്യയ്ക്ക് ശേഷം ആന്ധ്രാ മുഖ്യമന്ത്രിയായും കിരണ്‍കുമാര്‍ റെഡ്ഡി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രാ വിഭജനത്തിനെതിരെ നിയമസഭയിലും പുറത്തും അദ്ദേഹം കോണ്‍ഗ്രസിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വിട്ട കിരണ്‍കുമാര്‍ ജെഎസ്പി എന്ന പേരില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. പലയിടത്തും കെട്ടിവെച്ച കാശ് പോലും പാര്‍ട്ടിക്ക് നഷ്ടമായി.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ലക്ഷ്യമിടുകയാണ് കോണ്‍ഗ്രസ്. ബിജെപി വിരുദ്ധ ശക്തികളെ കൂടെ കൂട്ടാനാണ് കോണ്‍ഗ്രസ് മുഖ്യമായി ശ്രമിക്കുന്നത്. ഭരണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനുളള സാധ്യതകളും കോണ്‍ഗ്രസ് പരിശോധിച്ചുവരുകയാണ്. പാര്‍ട്ടി വിട്ടു പോയവരെ തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് കിരണ്‍കുമാര്‍ റെഡ്ഡിയുടെ തിരിച്ചുവരവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുത്തതിന് ശേഷമുളള തിരിച്ചുവരവ് എന്നത് കൊണ്ട് രാഹുല്‍ ഗാന്ധിക്കും ആത്മവിശ്വാസം നല്‍കുന്നതാണ് കിരണ്‍ കുമാര്‍ റെഡ്ഡിയുടെ കോണ്‍ഗ്രസ് പുന: പ്രവേശനം. ആന്ധ്രയുടെ ചുമതലയുളള നേതാവ് എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും തിരിച്ചുവരവ് കരുത്തുപകരും.