കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ മാര്‍ക്കിടും ;  ഭാരവാഹികള്‍ സെല്‍ഫ് അപ്രൈസല്‍ ഫോം പൂരിപ്പിച്ച് നല്‍കണം

കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ പ്രവര്‍ത്തനവും വിലയിരുത്താനാണ് രാഹുല്‍ അവസരമൊരുക്കുന്നത്
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ മാര്‍ക്കിടും ;  ഭാരവാഹികള്‍ സെല്‍ഫ് അപ്രൈസല്‍ ഫോം പൂരിപ്പിച്ച് നല്‍കണം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തി മാര്‍ക്കിടാനൊരുങ്ങി രാഹുല്‍ഗാന്ധി. ഓരോ മാസവും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താനാണ് പദ്ധതി. ഇതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സെല്‍ഫ് അപ്രൈസല്‍ ഫോം തയ്യാറാക്കി. നേതാക്കള്‍ക്കൊപ്പം തന്റെ പ്രവര്‍ത്തനവും വിലയിരുത്താനാണ് രാഹുല്‍ അവസരമൊരുക്കുന്നത്. 

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ളവര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് രണ്ടുപേജുള്ള സെല്‍ഫ് അപ്രൈസല്‍ ഫോം പൂരിപ്പിച്ച് നല്‍കേണ്ടത്. അതത് മാസം 10 ന് അകം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗെഹലോട്ടിനാണ് ഫോം പൂരിപ്പിച്ച് നല്‍കേണ്ടത്. ഇതില്‍ അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ കൂടി ഉള്‍പ്പെടുത്തി, അതത് മാസം 15 ന് കോണ്‍ഗ്രസ് അധ്യക്ഷന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 

സംസ്ഥാനത്തിന്റെ ചുമതലയുള്ളവര്‍ മാസത്തില്‍ എത്ര തവണ ബന്ധപ്പെട്ട സംസ്ഥാനം സന്ദര്‍ശിച്ചു, എത്ര തവണ ജില്ലാ, ബ്ലോക്ക് പ്രാദേശിക കമ്മിറ്റികളുമായി ചര്‍ച്ച നടത്തി, നേതൃപരിശീലന കളരികള്‍ സംഘടിപ്പിച്ചത്, സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി സ്വാധീനം വളര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവ ഫോമില്‍ നേതാക്കള്‍ പൂരിപ്പിച്ച് നല്‍കണം. കൂടാതെ, പാര്‍ട്ടിക്ക് പുറത്തുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍, തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളില്‍, അതിനായി നടത്തിയ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ ഫോമില്‍ വിശദീകരിക്കേണ്ടതുണ്ട്. 

ഇത് ആദ്യമായിട്ടല്ല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കോര്‍പ്പറേറ്റ് രീതിയിലുള്ള നടപടികള്‍ രാഹുല്‍ ഗാന്ധി പ്രാവര്‍ത്തികമാക്കുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, എല്ലാ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാരോടും സ്വയം വിലയിരുത്തല്‍ പട്ടിക നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, നേതാക്കളെ തീരുമാനിക്കാന്‍ അഭിമുഖവും പരീക്ഷയും നടത്തുന്ന രീതിയും രാഹുല്‍ അവലംബിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com