കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭഗവത്ഗീത : പ്രതിഷേധം ശക്തം, പദ്ധതി നിര്‍ത്തിവെച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2018 12:00 PM  |  

Last Updated: 13th July 2018 12:00 PM  |   A+A-   |  

മുംബൈ : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്  ഭഗവത്ഗീത സൗജന്യമായി വിതരണം ചെയ്യുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായി. ഇതേത്തുടര്‍ന്ന് പദ്ധതി നിര്‍ത്തിവെക്കാന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഭഗവത്ഗീത വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനെതിരെ, വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രോഹിദാസ് കാലെയെ നേരില്‍ കണ്ടാണ് പ്രതിഷേധം അറിയിച്ചത്. 

എസി ഭക്തിവേദാന്ത ഗ്രൂപ്പ് എന്ന സംഘടനയാണ് മഹാരാഷ്ട്രയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭഗവത്ഗീത സൗജന്യമായി വിതരണം ചെയ്യാന്‍ അനുമതി തേടിയത്. ഇതിന്റെ പശ്ചാത്തലത്തില്‍, കഴിഞ്ഞ ബുധനാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭഗവത്ഗീത വിതരണം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍, ഭഗവത്ഗീത വിതരണം ചെയ്യാനായി സംസ്ഥാനത്തെ 100 കോളേജുകളുടെ പട്ടികയും ഉള്‍പ്പെടുത്തിയിരുന്നു. 

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികല്‍ രംഗത്തെത്തുകയായിരുന്നു. അക്കാദമിക് രംഗത്ത് മതത്തെ തിരുകി കയറ്റുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സര്‍ക്കാരല്ല, ഭക്തിവേദാന്ത ഗ്രൂപ്പ് എന്ന സംഘടനയാണ് ഭഗവത് ഗീത വിതരണം ചെയ്തതെന്ന് വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ വ്യക്തമാക്കി. ഭഗവത്ഗീത വിദ്യാര്‍ത്ഥികള്‍ വായിക്കാന്‍ കൊള്ളില്ലാത്ത മോശം ഗ്രന്ഥമാണോ എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കണമെന്നും മന്ത്രി ചോദിച്ചു. 

എന്നാല്‍ ഭഗവത്ഗീതയെയല്ല എതിര്‍ക്കുന്നത്. അത് കോളേജുകളില്‍ വിതരണം ചെയ്യുന്നതിനെയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസും, സമാജ് വാദി പാര്‍ട്ടിയും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.