ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് മാത്രമല്ല ഇനിയും ആരംഭിക്കാത്ത വേദാന്തയുടെ സര്‍വകലാശാലയ്ക്കും ശ്രേഷ്ഠ പദവി ലഭിച്ചേക്കും; അപേക്ഷിക്കാനുള്ള സമയം നീട്ടിനല്‍കി കേന്ദ്ര സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2018 08:43 AM  |  

Last Updated: 13th July 2018 09:09 AM  |   A+A-   |  

VEDANTHA

 

ന്യൂഡല്‍ഹി; പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്‍പ് കോര്‍പ്പറേറ്റ് വ്യവസായി മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അതിന് പിന്നാലെ മറ്റൊരു കോര്‍പ്പറേറ്റ് വ്യവസായിയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് കൂടി ശ്രേഷ്ഠ പദവി നല്‍കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വേദാന്ത ഗ്രൂപ്പ് ഒഡീഷയില്‍ ആരംഭിക്കുന്ന സര്‍വകലാശാലയ്ക്ക് ശ്രേഷ്ഠ പദവിക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു മാസം കൂടി സാവകാശം അനുവദിച്ചു. 

മാനവശേഷി വികസന മന്ത്രാലയത്തിന്റേയോ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റേയോ അവസാന ഘട്ട അനുമതിപോലും വേദാന്തയുടെ സ്ഥാപനത്തിന് ലഭിച്ചിട്ടില്ല. എന്നിട്ടാണ് ശ്രേഷ്ഠ പദവിക്ക് അപേക്ഷിക്കാന്‍ കാലാവധി അവസാനിച്ചിട്ടും സമയം നീട്ടി നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റിലയന്‍സ് ഗ്രൂപ്പിന്റെ ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയത് വലിയ വിമര്‍ശനങ്ങല്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഇതിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ നലി മുംബൈയില്‍ ആരംഭിക്കാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റിയൂട്ട നിത അംബാനിയുടെ സ്വപ്‌ന പദ്ധതിയാണ്.