പരിശീലനം പാളി, കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് തലയിടിച്ച് വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2018 10:30 AM  |  

Last Updated: 13th July 2018 10:30 AM  |   A+A-   |  

 

കോയമ്പത്തൂര്‍: കോളേജില്‍ ഫയര്‍ ഡ്രില്‍ നടത്തുന്നതിനിടെ യുവതി തലയിടിച്ച് ദാരുണമായി മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഫയര്‍ ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവൈ കലൈമകള്‍ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ എന്‍ ലോകേശ്വരിയാണ് ദാരുണമായി മരിച്ചത്. ഫയര്‍ ഡ്രില്‍ നടത്തുന്നതിനിടെ, കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ട്രയിനര്‍ വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ചു. ചാടാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ ട്രയിനര്‍ തുടര്‍ന്ന് തളളിയിട്ടു. പരിശീലനത്തിന്റെ ഭാഗമായി കെട്ടിടത്തിന് താഴെ വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാന്‍ വലയുമായി വിദ്യാര്‍ത്ഥികളുടെ സംഘം നില്‍ക്കുന്നുണ്ടായിരുന്നു. ഇതില്‍ വീഴുമെന്ന പ്രതീക്ഷയിലാണ് ട്രയിനര്‍ തളളിയത്. എന്നാല്‍ വീഴ്ചയില്‍ നിയന്ത്രണം നഷ്ടപ്പെട്ട  19 വയസ്സുകാരിയുടെ തല സണ്‍ഷൈഡില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വലയില്‍ വീണ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലും തലയ്ക്കുമേറ്റ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കോളേജില്‍ സംഘടിപ്പിച്ച ട്രയിനിങ് ക്യാമ്പിനിടെയാണ് അപകടമുണ്ടായത്. 20 കുട്ടികളെയാണ് പരിശീലിപ്പിച്ചത്.