ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തു; യുവാവിന് നേരെ വെടിയുതിര്‍ത്ത് രണ്ടംഗ സംഘം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th July 2018 11:39 AM  |  

Last Updated: 13th July 2018 11:39 AM  |   A+A-   |  

 

ഡല്‍ഹി: ബൈക്കിന്റെ ക്രമാതീതമായ ശബ്ദം ചോദ്യം ചെയ്ത യുവാവിന് നേര്‍ക്ക് ബൈക്ക് യാത്രികരായ അക്രമിസംഘം മൂന്നുതവണ നിറയൊഴിച്ചു.  22 വയസ്സുകാരനായ അബ്ദുള്‍ റഹ്മാന്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളില്‍  ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തെക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഞായറാഴ്ച രാത്രി ഭക്ഷണശേഷം റോഡില്‍ നടക്കാന്‍ ഇറങ്ങിയതാണ് അബ്ദുള്‍ റഹ്മാന്‍. ഈ സമയം കറുത്ത ബുളളറ്റില്‍ വന്ന അക്രമി സംഘവുമായാണ് അബ്ദുള്‍ റഹ്മാന്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കൈയാങ്കളിയിലേക്ക് നീങ്ങുകയും ബൈക്ക് യാത്രികരില്‍ ഒരാള്‍ തോക്ക് എടുത്ത് റഹ്മാന്റെ തല ലക്ഷ്യമാക്കി നിറയൊഴിക്കുകയായിരുന്നു. വെടിയുടെ ആഘാതത്തില്‍ നിലത്തുവീണ യുവാവിനെ അക്രമിസംഘം മൂന്നുതവണ തുടര്‍ച്ചായി നിറയൊഴിച്ചതായി പൊലീസ് പറയുന്നു.

രാത്രി 12 മണിയ്ക്ക് ഇടുങ്ങിയ തെരുവില്‍ മുഴങ്ങുന്ന ശബ്ദത്തോടെയുളള ബുളളറ്റുമായാണ് അക്രമിസംഘം എത്തിയത്. ഇതിനെതിരെ അബ്ദുള്‍ റഹ്മാന്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ബുളളറ്റിന്റെ ക്രമാതീതമായ ശബ്ദം കാരണം തൊട്ടടുത്ത വീടുകളില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ ഉണര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ ബൈക്കിന്റെ ആക്‌സിലേറ്റര്‍ കൂട്ടിയ സംഘത്തിന്റെ നടപടിക്കെതിരെ അബ്ദുള്‍ റഹ്മാന്‍ പ്രതിഷേധിക്കുകയായിരുന്നു.
 

TAGS
gun attack