റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി ട്രംപ് എത്തുമോ?; തന്ത്രപരമായ നീക്കവുമായി മോദി സര്‍ക്കാര്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th July 2018 10:55 AM  |  

Last Updated: 13th July 2018 10:55 AM  |   A+A-   |  

 

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനപരേഡിലെ മുഖ്യ അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ത്യ ക്ഷണിച്ചു. അടുത്ത വര്‍ഷം ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ട്രംപ് പങ്കെടുക്കുകയാണെങ്കില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുളള നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രപരമായ നടപടിയായി വിലയിരുത്തപ്പെടും.

റിപ്പബ്ലിക് ദിന പരേഡില്‍ ട്രംപിനെ മുഖ്യ അതിഥിയായി ക്ഷണിച്ചതിന് അമേരിക്കയില്‍ നിന്നുളള ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ. ഇതിന് അനുകൂലമായ നിലപാടാണ് അമേരിക്ക സ്വീകരിച്ചുവരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രിലിലാണ് ഇന്ത്യ ട്രംപിനെ ക്ഷണിച്ചത്. വിവിധ ഘട്ടങ്ങളിലുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുകയുളളു. ഇതിന് മുന്‍പ് 2015ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിരുന്നു. അന്നും മോദിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.

വിവിധ വിഷയങ്ങളില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്ന സമയത്താണ് ഇന്ത്യയുടെ ക്ഷണം. ഇറാന്‍ ആണവ കരാറില്‍ നിന്നും അമേരിക്ക ഏകപക്ഷീയായി പിന്മാറിയതിന് പിന്നാലെ, ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കണമെന്ന നിലപാടാണ് അമേരിക്കയുടെത്. ഇതിന് അനുകൂലമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെങ്കിലും, അമേരിക്കയുടെ ഏകപക്ഷീയമായ നടപടിയില്‍ ഇന്ത്യക്ക് പൂര്‍ണമായ യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ റഷ്യയില്‍ നിന്നും എസ് 400 മിസൈലുകള്‍ വാങ്ങുന്ന കാര്യത്തിലും അമേരിക്ക ഇന്ത്യയോട് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

TAGS
modi trump