സ്ത്രീ പീഡകര്‍ക്ക് ഇനി മുതല്‍ റേഷനില്ല;  തീറ്റിപ്പോറ്റാന്‍ സര്‍ക്കാരിന് മനസ്സില്ലെന്നും മനോഹര്‍ ലാല്‍ ഖട്ടാര്‍

സ്ത്രീകള്‍ക്കെതിരായ അക്രമം ക്ഷമിക്കാന്‍ കഴിയുന്നതല്ലെന്നും കേസില്‍ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും തടയുമെന്നും
സ്ത്രീ പീഡകര്‍ക്ക് ഇനി മുതല്‍ റേഷനില്ല;  തീറ്റിപ്പോറ്റാന്‍ സര്‍ക്കാരിന് മനസ്സില്ലെന്നും മനോഹര്‍ ലാല്‍ ഖട്ടാര്‍

പഞ്ച്കുള: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലാകുന്നവര്‍ക്കും ആരോപണ വിധേയര്‍ക്കും  ഹരിയാന സര്‍ക്കാര്‍ ഇനി മുതല്‍ റേഷനോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുകയില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. സ്ത്രീകള്‍ക്കെതിരായ അക്രമം ക്ഷമിക്കാന്‍ കഴിയുന്നതല്ലെന്നും കേസില്‍ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.  

നിരപരാധിയെന്ന് തെളിയുകയാണെങ്കില്‍ അപ്പോള്‍ മാത്രമേ മരവിപ്പിച്ച ആനുകൂല്യങ്ങളും റേഷനും വീണ്ടും അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 
ലൈംഗീകാതിക്രമക്കേസുകളില്‍ നിയമ സഹായം ആവശ്യമുള്ള സ്ത്രീകള്‍ക്ക് അത് നല്‍കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കും. അഭിഭാഷകനെ സര്‍ക്കാര്‍ ചിലവില്‍ നിയമിക്കുമെന്നും അതല്ലെങ്കില്‍ സ്വകാര്യ അഭിഭാഷകനെ വയ്ക്കുന്നതിനായി 22,000 രൂപ സാമ്പത്തിക സഹായം അനുവദിക്കുമെന്നും ഖട്ടാര്‍ പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തുന്ന പുതിയ നിയമം ഹരിയാന രൂപവത്കരിക്കുമെന്നും ഖട്ടാര്‍ വ്യക്തമാക്കി.

ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഹരിയാനയില്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ഹരിയാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗീകാതിക്രമത്തിന് വിധേയരാക്കുന്നവര്‍ക്കാണ് വധശിക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com