'നിങ്ങള്‍ മല്യയെ പോലെ സ്മാര്‍ട്ടാകൂ, അദ്ദേഹത്തെപ്പോലെ ബാങ്കിനെ സ്വാധീനിക്കൂ, ആരാണ് തടയുന്നത്?'; ആദിവാസികള്‍ക്ക് ഉപദേശവുമായി കേന്ദ്രമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2018 01:30 PM  |  

Last Updated: 14th July 2018 01:30 PM  |   A+A-   |  

jual

 

ഹൈദരാബാദ്; ആദിവാസികളെല്ലാം മല്യയെപ്പോലെ ആകണമെന്ന ആഹ്വാനവുനായി കേന്ദ്രമന്ത്രി. കഠിനമായി പ്രയത്‌നിക്കുന്ന ജോലിക്കാരന്‍ മാത്രമല്ല മല്യയെപ്പോലെ ഒരു സ്മാര്‍ട്ട് ജോലിക്കാരനാകണമെന്നാണ് കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി ജുവാല്‍ ഒറാമിന്റെ ഉപദേശം. മല്യയെ വാനോളം പുകഴ്ത്തിയ മന്ത്രി അദ്ദേഹത്തെ ഒരു മാതൃകാപുരുഷനായി എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 

ആദിവാസികള്‍ക്കിടയിലെ സംരംഭകത്വം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് മല്യയുടെ ജീവിതത്തെ ഒറാം ഉദാഹരണമായി എടുത്തത്. 'നിങ്ങള്‍ വിജയ് മല്യയെ അധിക്ഷേപിക്കും. പക്ഷേ ആരാണ് വിജയ് മല്യ? അദ്ദേഹം ഒരു സ്മാര്‍ട്ടായ വ്യക്തിയാണ്. അദ്ദേഹം മികച്ച ആളുകള്‍ക്ക് ജോലി നല്‍കി, ബാങ്കുകളേയും രാഷ്ട്രീയക്കാരേയും ഗവണ്‍മെന്റിനേയും സ്വാധീനിച്ചു... നിങ്ങളെ ആരാണ് സ്മാര്‍ട്ട് ആവുന്നതില്‍ നിന്ന് തടഞ്ഞത്? ആദിവാസികള്‍ക്ക് സമൂഹത്തില്‍ സ്വാദീനം ചെലുത്താന്‍ കഴിയില്ലെന്ന് ആരാണ് പറയുന്നത്. ബാങ്കുകളെ സ്വാധീനിക്കുന്നതില്‍ നിന്ന് നിങ്ങളെ ആരാണ് തടയുന്നത്.' ഒറാം പറഞ്ഞു. ഹൈദരാബാദില്‍ നടന്ന നാഷണല്‍ ട്രൈബല്‍ എന്റര്‍പ്രണര്‍ കോണ്‍ക്ലേവ് 2018 ലാണ് മന്ത്രിയുടെ മല്യ സ്തുതി നടന്നത്. 

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ ലോണ്‍ എടുത്ത് അത് തിരിച്ചടക്കാതെയാണ് മല്യ രാജ്യം വിട്ടത്. 2016 ല്‍ യുകെയിലേക്ക് കടന്ന മദ്യരാജാവ് പിന്നീട് ഇന്ത്യയില്‍ കാലുകുത്തിയിട്ടില്ല.