രാമായണ പാരായണം ഇക്കുറി തീവണ്ടിയിലായാലോ? ;  പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ റെയില്‍വേ വക രണ്ട് ട്രെയിനുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2018 05:34 AM  |  

Last Updated: 14th July 2018 05:34 AM  |   A+A-   |  

തിരുവനന്തപുരം:  രാമായണത്തില്‍ പറയുന്ന പ്രധാന സ്ഥലങ്ങളിലേക്കെല്ലാം സഞ്ചരിക്കാനുള്ള സംവിധാനവുമായി റെയില്‍വേ മന്ത്രാലയം. തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ' ശ്രീ രാമായണ' എക്‌സ്പ്രസും, രാമായണ സര്‍ക്യൂട്ടും  സര്‍വ്വീസ് ആരംഭിക്കുക.

ഇന്ത്യയിലുള്ള സ്ഥലങ്ങള്‍ക്ക് പുറമേ, രാവണന്‍ സീതയെ താമസിപ്പിച്ചെന്ന് കരുതുന്ന ശ്രീലങ്കയിലേക്കും വിനോദസഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ കഴിയും. ഡല്‍ഹിയില്‍ നിന്നുമാണ് ഇതിനുള്ള വിമാന സൗകര്യം ഏര്‍പ്പെടുത്തുന്നത്.
 തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന എ സി ട്രെയിനായ 'രാമായണ സര്‍ക്യൂട്ട്'  അടുത്തമാസം 28 ന് പുറപ്പെടും. സെപ്തംബര്‍ ഒന്‍പതിന് തീര്‍ത്ഥാടന യാത്ര അവസാനിപ്പിച്ച് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും.

 സാധാരണക്കാര്‍ക്കായുള്ള നോണ്‍ എ സി ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നാണ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം ഡല്‍ഹി സഫര്‍ജംഗ് റെയില്‍വേസ്റ്റേഷനിലാവും ഫഌഗ് ഓഫ് നടക്കുക. പത്ത് ദിവസമാണ് ഈ യാത്ര. ശ്രീലങ്കയിലേക്ക് പോയി അശോകവനിയൊക്കെ കണ്ടിട്ട് മടങ്ങാനാണ് തീരുമാനമെങ്കില്‍ പതിനാറ് ദിവസത്തേക്ക് യാത്ര നീളും. 

അഞ്ച് രാത്രിയും ആറ് പകലും ശ്രീലങ്കയില്‍ ചിലവഴിക്കുമ്പോള്‍ രാംബോഡ, നുവര എല്ലിയ, ചിലോ എന്നിവിടങ്ങള്‍ കണാന്‍ സാധിക്കും. ഇന്ത്യയില്‍ അയോധ്യ, ഹനുമാന്‍ ഗാര്‍ഹി രാംകോട്ട്, കൊണാര്‍ക്, നന്ദിഗ്രാം, സീതാ മര്‍ഹി, പഞ്ചവടി, രാമേശ്വരം തുടങ്ങി പതിനാറോളം സ്ഥലങ്ങളാണ്  ഈ പാക്കേജില്‍ സന്ദര്‍ശിക്കാന്‍ കഴിയുക. 800 പേര്‍ക്കാണ് ടിക്കറ്റ്. യാത്രക്കാരുടെ എണ്ണത്തെ ആശ്രയിച്ച് സര്‍വ്വീസ് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് റെയില്‍വേ പറയുന്നത്. തിരുവനന്തപുരത്ത് നിന്നാണ്‌ യാത്രയെങ്കില്‍ 39,800 രൂപയും, ഡല്‍ഹിയില്‍ നിന്നാണെങ്കില്‍ 5,120 രൂപയുമാണ് യാത്രാച്ചിലവ്. ശ്രീലങ്ക കൂടി സന്ദര്‍ശനത്തിലുണ്ടെങ്കില്‍ 36,970 രൂപയാണ് പാക്കേജിനായി ചിലവാകുക.