ഉളളിയും വെളുത്തുളളിയും കഴിക്കാന്‍ നിര്‍ബന്ധിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2018 02:46 PM  |  

Last Updated: 14th July 2018 02:48 PM  |   A+A-   |  

 

അഹമ്മദാബാദ്: ഉളളിയും വെളുത്തുളളിയും നിര്‍ബന്ധിച്ച് കഴിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ  ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. ഗുജറാത്തിലെ സ്വാമിനാരായണ വിഭാഗത്തിന്റെ അനുയായിയായ 25 വയസ്സുകാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഗുജറാത്ത് മെഹ്‌സാന ജില്ലയിലാണ് സംഭവം. തന്റെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാണിച്ച് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. വെളുത്തുളളിയും ഉളളിയും ചേര്‍ത്ത ഭക്ഷണം കഴിക്കാന്‍ താന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മര്‍ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അമ്മയോട് കാര്യം പറയുന്നതും ഇരുവരും ചേര്‍ന്ന് തടഞ്ഞു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ യുവതി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പട്ടേല്‍ സമുദായംഗമായ താന്‍ സ്വാമി നാരായണ വിഭാഗത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. ഗാര്‍ഹിക പീഡനം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.