ട്വിറ്ററില്‍ പിന്തുണ കുറഞ്ഞ് നരേന്ദ്രമോദി; ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് മൂന്ന് ലക്ഷം ഫോളോവേഴ്‌സിനെ

സജീവമല്ലാത്തതും ഫേക്ക് എന്ന് തോന്നുന്നതുമായ അക്കൗണ്ടുകള്‍ തിരഞ്ഞ് പിടിച്ച് ഒഴിവാക്കി ഇരുപത്തിനാല് മണിക്കൂര്‍ ആയതോടെയാണ് ഫോളോവര്‍മാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായത്
ട്വിറ്ററില്‍ പിന്തുണ കുറഞ്ഞ് നരേന്ദ്രമോദി; ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് മൂന്ന് ലക്ഷം ഫോളോവേഴ്‌സിനെ

ന്യൂഡല്‍ഹി: ട്വിറ്ററില്‍ സെലിബ്രിറ്റികള്‍ക്ക് ഇത് അത്ര നല്ലകാലം അല്ല. പ്രമുഖരുടെയെല്ലാം ഫോളോവര്‍മാരുടെ എണ്ണം കുത്തനെ കുറഞ്ഞതായാണ് ട്വിറ്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ടില്‍ നിന്നാണ് ഏറ്റവുമധികം കൊഴിഞ്ഞുപോക്കുണ്ടായിരിക്കുന്നത്. ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷം ഫോളോവര്‍മാരാണ് കുറഞ്ഞത്. 4 കോടി 31ലക്ഷം ഫോളോവര്‍മാരാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്.

 സജീവമല്ലാത്തതും ഫേക്ക് എന്ന് തോന്നുന്നതുമായ അക്കൗണ്ടുകള്‍ തിരഞ്ഞ് പിടിച്ച് ഒഴിവാക്കി ഇരുപത്തിനാല് മണിക്കൂര്‍ ആയതോടെയാണ് ഫോളോവര്‍മാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ട്വിറ്റര്‍ പുറത്ത് വിട്ടിട്ടില്ല.  മോദിക്ക് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,ശശി തരൂര്‍, ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ എന്നിവരുടെ ഫോളോവര്‍മാരുടെ എണ്ണവും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

17,000 ഫോളോവേഴ്‌സിനെയാണ് രാഹുല്‍ ഗാന്ധിക്ക് നഷ്ടമായത്. ശശി തരൂരിന് ഒന്നരലക്ഷത്തോളം പേരെയും പുതിയ പരിഷ്‌കാരം വന്നതോടെ നഷ്ടമായി. സുഷമാ സ്വരാജിനും അരവിന്ദ് കെജ്രിവാളിനും അമിത് ഷായ്ക്കുമെല്ലാം ട്വിറ്ററിന്റെ ഈ ശുചീകരണ പ്രക്രിയയില്‍ പണി കിട്ടി.ഈ ആഴ്ച ആദ്യമാണ് നിഷ്‌ക്രിയ അക്കൗണ്ടുകളെ ഒഴിവാക്കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,ഹോളിവുഡ് താരങ്ങള്‍ എന്നിവര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. രണ്ടര വര്‍ഷം കൊണ്ട് ഏഴുകോടി അക്കൗണ്ടുകളാണ് ട്വിറ്റര്‍ തന്നെ പൂട്ടിക്കെട്ടിയത്. ഒരു ലക്ഷത്തോളം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡും ചെയ്തു. സംശയാസ്പദമായി തോന്നുന്ന അക്കൗണ്ടുകളില്‍ ഫോണ്‍ വെരിഫിക്കേഷന്‍ ആവശ്യപ്പെടുകയും ഇതില്‍ പരാജയപ്പെടുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും ചെയ്യാനാണ് പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com