ഡല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ വായു മലിനീകരണം ഭീകരാവസ്ഥ സൃഷ്ടിക്കുന്നു; 2016ല്‍ മാത്രം തലസ്ഥാനത്ത് മരിച്ചത് 14,800 പേര്‍

വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ 2016ല്‍ മാത്രം 15,000ത്തിനടുത്ത് ജനങ്ങള്‍ കൊല്ലപ്പെട്ടതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്
ഡല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ വായു മലിനീകരണം ഭീകരാവസ്ഥ സൃഷ്ടിക്കുന്നു; 2016ല്‍ മാത്രം തലസ്ഥാനത്ത് മരിച്ചത് 14,800 പേര്‍

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വായു മലിനീകരണം ഭീകരത സൃഷ്ടിക്കുന്നതായി പഠന റിപ്പോര്‍ട്ടുകള്‍. വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ 2016ല്‍ മാത്രം 15,000ത്തിനടുത്ത് ജനങ്ങള്‍ കൊല്ലപ്പെട്ടതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ലോകത്തില്‍ വായു മലിനീകരണത്തെ തുടര്‍ന്ന് മരണം സംഭവിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. ഷാങ്ഹായ് ഒന്നാം സ്ഥാനത്തും ബെയ്ജിങ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചായിരുന്നു ഏറെപ്പേരും മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റാണ് പുതിയ പഠനം പുറത്തുവിട്ടത്. വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകണമെന്നും പ്രശ്‌നത്തെ നേരിടുന്നതിന് പരിസ്ഥിതി മന്ത്രാലയം നൂതന മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും സി.എസ്.എ ഡയറക്ടര്‍ അനുമിത റോയ് ചൗധരി പറഞ്ഞു. 

വായു മലിനീകരണത്തിന്റെ ഭീകരത ഡല്‍ഹി നഗരത്തെ മാത്രമല്ല വേട്ടയാടുന്നത്. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലും ഇത്തരം മരണങ്ങള്‍ കൂടുന്നതായും പഠനം പറയുന്നു. 2016ല്‍ ഡല്‍ഹിയില്‍ 14,800 പേര്‍ മരിച്ചപ്പോള്‍ മുംബൈയില്‍ 10,500 പേരും കൊല്‍ക്കത്തയില്‍ 7,300 പേരും ചെന്നൈയില്‍ 4,800 പേരും വായു മലിനീകരണത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. 

ഇന്ത്യയിലെ മഹാ നഗരങ്ങളില്‍ മാത്രമല്ല ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളും സമാനമായ ഭീഷണി നേരിടുന്നുണ്ട്. വായു മലിനീകരണം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ ചൈന ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ചൈനയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങള്‍ പെട്ടന്ന് തന്നെ പരിഹാര പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com