തെരഞ്ഞെടുപ്പ് 'തന്ത്രജ്ഞന്‍' പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തിലേക്ക് ; തെരഞ്ഞെടുപ്പിന് മുമ്പായി മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

തെരഞ്ഞെടുപ്പ് 'തന്ത്രജ്ഞന്‍' പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തിലേക്ക് ; തെരഞ്ഞെടുപ്പിന് മുമ്പായി മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രശാന്ത് കിഷോറിന്റെ മടങ്ങിവരവിന് മുന്‍കൈ എടുത്തത്

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ അഗ്രഗണ്യനായ പ്രശാന്ത് കിഷോറിനെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചതായി റിപ്പോർട്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പ്രശാന്ത് കിഷോര്‍ 'ഘര്‍ വാപസി' നടത്തിയെന്നാണ് ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി നേതൃത്വവുമായും കഴിഞ്ഞ കുറച്ചുമാസങ്ങളായി കിഷോര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. 

2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും, 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. എന്നാല്‍ അധികാരം ലഭിച്ചതിന് പിന്നാലെ അമിതാ ഷായുമായി പ്രശാന്ത് കിഷോര്‍ ഇടഞ്ഞു. പാര്‍ട്ടിയില്‍ സുപ്രധാന സ്ഥാനം ചോദിച്ചെങ്കിലും അത് അമിത് ഷാ നിരാകരിച്ചതാണ് വഴക്കിന് കാരണമെന്നാണ് സൂചന. 

തുടര്‍ന്ന് ബിജെപി പാളയം വിട്ട പ്രശാന്ത് കിഷോര്‍ 2014 ലെ ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് ബീഹാറില്‍ ജെഡിയുവിന് വേണ്ടിയും, പഞ്ചാബിലും ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസിന് വേണ്ടിയും പ്രശാന്ത് സഹകരിച്ചു. ബീഹാറിലും, പഞ്ചാബിലും പ്രശാന്തിന്റെ തന്ത്രങ്ങള്‍ വിജയിച്ചപ്പോള്‍, യുപിയില്‍ കാലിടറി. 

യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് യുപിയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന തന്റെ നിര്‍ദേശം അംഗീകരിക്കാത്തതാണ് യുപിയിലെ തോല്‍വിക്ക് കാരണമായി പ്രശാന്ത് കിഷോറിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രശാന്ത് കിഷോറിന്റെ മടങ്ങിവരവിന് മുന്‍കൈ എടുത്തത്. പ്രശാന്തുമായുള്ള അകല്‍ച്ച തീര്‍ക്കാന്‍ മോദി അമിത്ഷായ്ക്ക് നിര്‍ദേശം നല്‍കി. പിണങ്ങിനില്‍ക്കുന്നത് പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് അമിത് ഷാ അകല്‍ച്ച ഇല്ലാതാക്കാന്‍ പ്രശാന്ത് കിഷോറുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com