രണ്ട് മണിക്കൂര്‍ മൂത്രം പിടിച്ചുവയ്ക്കാന്‍ കഴിയില്ലെങ്കില്‍ പൊലീസാവണ്ട; കോണ്‍സ്റ്റബിള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍  

13,142 ഒഴിവുകളുള്ള കോണ്‍സ്റ്റബിള്‍ തസ്തികയുടെപ്രവേശന പരീക്ഷയില്‍ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും സംഭവിക്കാതിരിക്കാന്‍ എല്ലാ പഴുതുകളും അടയ്ക്കുകയാണ് പൊലീസ് ലക്ഷ്യം
രണ്ട് മണിക്കൂര്‍ മൂത്രം പിടിച്ചുവയ്ക്കാന്‍ കഴിയില്ലെങ്കില്‍ പൊലീസാവണ്ട; കോണ്‍സ്റ്റബിള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍  

ബിക്കാനീര്‍: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്‌ക്കെത്തുന്നവരെ ഹാളില്‍ കയറിയാല്‍ പിന്നെ ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കില്ല. രാജസ്ഥാനില്‍ നടക്കുന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയ്‌ക്കെത്തുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള കര്‍ശനനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടിവരിക.

രാജസ്ഥാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തുവിട്ട ഓര്‍ഡറില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ഹോളില്‍ പ്രവേശിക്കുമ്പോള്‍ ചെരുപ്പ് ധരിക്കാന്‍ പാടില്ല എന്നുതുടങ്ങി പരീക്ഷയ്ക്കിടയില്‍ ശുചിമുറി ഉപയോഗിക്കാന്‍ അനുവാദം ലഭിക്കുന്നതല്ല എന്നുവരെ നിര്‍ദ്ദേശമായി പറഞ്ഞിട്ടുണ്ട്. പരീക്ഷയില്‍ ക്രമക്കേടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാനാണ് നിബന്ധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. പരീക്ഷയ്‌ക്കെത്തുവര്‍ക്ക് ജയം ഉറപ്പുനല്‍കികൊണ്ട് ചില സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിന്റെ വെളിച്ചത്തിലാണ് ഇത്തരത്തിലൊരു നടപടി. ഈ വിഷയത്തില്‍ അടുത്തിടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ശനമായ പരീക്ഷാ ചട്ടങ്ങളുമായി പൊലീസ് രംഗത്തെത്തിയത്. 

നേരത്തെ, പരീക്ഷ നടക്കുന്ന സംസ്ഥാനത്തെ 664കേന്ദ്രങ്ങളുടെ പരിസരത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടിരുന്നു. 13,142 ഒഴിവുകളുള്ള കോണ്‍സ്റ്റബിള്‍ തസ്തികയുടെ
പ്രവേശന പരീക്ഷയില്‍ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും സംഭവിക്കാതിരിക്കാന്‍ എല്ലാ പഴുതുകളും അടയ്ക്കുകയാണ് പൊലീസ് ലക്ഷ്യം. ഇതുമുന്‍നിത്തി എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി അടക്കമുള്ള മുന്‍കരുതലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 15ലക്ഷത്തോളം പരീക്ഷാര്‍ത്ഥികളാണ് ടെസ്റ്റില്‍ പങ്കെടുക്കുക.  

രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കുന്ന പരീക്ഷയ്ക്കായി പരീക്ഷാര്‍ത്ഥികള്‍ രണ്ടു മണിക്കൂര്‍ മുമ്പുതന്നെ സെന്ററുകളില്‍ എത്തിയിരിക്കണം. ഹാഫ് സ്ലീവ് ഷര്‍ട്ട്, കുര്‍ത്ത, ബ്ലൗസ്, സാരി, സ്യൂട്ട്, ട്രൗസര്‍ തുടങ്ങിയവ ധരിച്ച്മാത്രമേ പരീക്ഷയ്‌ക്കെത്താന്‍ പാടൊള്ളു. ആഭരണങ്ങള്‍ അണിയാന്‍ അനുവാദമില്ല. തലമുടി കെട്ടിവയ്ക്കാനായി ഒരു റബ്ബര്‍ ബാന്‍ഡ് മാത്രം ഉപയോഗിക്കാം.

ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് ക്രമക്കേടില്ലാതെ പരീക്ഷ നടത്തണമെന്ന് ലക്ഷ്യവച്ചാണെന്നും ഇപ്പോള്‍ ചെറിയൊരു സമയത്തേക്കായി ഏര്‍പ്പെടുത്തുന്ന ചില നിയന്ത്രണങ്ങള്‍ സത്യസന്ധനായ ഒരു കാന്‍ഡിഡേറ്റിന്റെ ഭാവി സുരക്ഷിതമാക്കുമെന്നും ബിക്കാനീര്‍ ഐജി ബിപിന്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com