രാത്രിയില്‍ കാമുകിയെ കാണാനെത്തി; കള്ളനെന്ന് കരുതി നാട്ടുകാര്‍ പിടികൂടിയ യുവാവിന് പ്രണയസാഫല്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2018 12:58 PM  |  

Last Updated: 14th July 2018 12:58 PM  |   A+A-   |  

MARRIAGE

 

കാമുകിയുടെ വീട്ടില്‍ രഹസ്യമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ കള്ളനാണെന്ന് കരുതി നാട്ടുകാര്‍ പിടിച്ചു. അവസാനം നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരുവരുടേയും വിവാഹം ഗംഭീരമാക്കി. ബിഹാറാലെ റൊഹ്താസിലാണ് സംഭവമുണ്ടായത്. സൈനികനായ 25 കാരന്‍ വിശാല്‍ സിങ്ങിനേയും ലക്ഷ്മിന കുമാരിയേയുമാണ് നാട്ടിലെ മുതിര്‍ന്നവരുടെ ഇടപെടലിനെ തുടര്‍ന്ന് വിവാഹം കഴിച്ചുകൊടുത്തത്. 

അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ലീവിന് വിശാല്‍ നാട്ടിലെത്തിയത്. ബുധനാഴ് രാത്രി കാമുകിയെ കാണാന്‍ വേണ്ടി വിശാല്‍ എത്തി. ലക്ഷ്മിനയുടെ വീട്ടുകാരെല്ലാം മുകള്‍ നിലയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ റൂമില്‍ ലക്ഷ്മിന മാത്രമാണുള്ളത് എന്ന് അറിഞ്ഞാണ് വിശാല്‍ എത്തിയത്. എന്നാല്‍ വിശാല്‍ വീട്ടിലേക്ക് രഹസ്യമായി കയറുന്നത് വീട്ടുകാര്‍ കണ്ടു. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാര്‍ കൂടി വിശാലിനെ മര്‍ദ്ദിക്കാന്‍ ഒരുങ്ങിയതോടെ ഇരുവരും സത്യം വെളിപ്പെടുത്തുകയായിരുന്നു. 

തുടര്‍ന്ന് വിശാലിന്റെ വീട്ടുകാരെയും പൊലീസിനേയും വിളിച്ചുവരുത്തി. ഇരു വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ വിവാഹം തീരുമാനിത്തുകയായിരുന്നു. അവിടെ വെച്ച് അപ്പോള്‍ തന്നെ വിവാഹം നടത്താനായിരുന്നു തലമൂത്തവരുടെ തീരുമാനം. പിന്നെ അധികം വൈകിയില്ല, പൂജാരി എത്തി വിവാഹം നടത്തുകയായിരുന്നു. ഇരുവരും യാദവ വിഭാഗത്തില്‍പ്പെടുന്നവരായതിനാലാണ് വലിയ പ്രശ്‌നങ്ങളില്ലാതെ വിവാഹം നടന്നത്. 

നൂറുകണക്കിന് പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ബന്ധുക്കള്‍ എല്ലാവര്‍ക്കും മധുരം നല്‍കി. കാമുകിയെ കാണാനെത്തിയ വിശാല്‍ മടങ്ങിയത് ഭാര്യയുടെ കൈ പിടിച്ചാണ്.