'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം : ശശി തരൂരിനെതിരെ കേസെടുത്തു

അടുത്ത മാസം 14 ന് ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ കൊല്‍ക്കത്ത കോടതി നിര്‍ദേശം നല്‍കി 
'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം : ശശി തരൂരിനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ ആയി മാറുമെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കേസെടുത്തു. കൊല്‍ക്കത്ത കോടതിയാണ് കേസെടുത്തത്. അഭിഭാഷകനായ സുമിത് ചൗധരിയാണ് ശശി തരൂരിനെതിരെ കോടതിയെ സമീപിച്ചത്. തരൂരിന്റെ പരാമര്‍ശം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

ഹര്‍ജി പരിഗണിച്ച കൊല്‍ക്കത്ത കോടതി ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. അടുത്ത മാസം 14 ന് ഹാജരാകാനാണ് കോടതി നിര്‍ദേശം നല്‍കിയത്. ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. നേതാക്കള്‍ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടത്. 

അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തി. തരൂരിന്റെ നിലപാടിനോട് യോജിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും, വൈസ് പ്രസിഡന്റ് വി ഡി സതീശനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു. ശശി തരൂരിന്റെ പരാമര്‍ശം താന്‍ മുമ്പ് പറഞ്ഞതാണെന്നും, ഇതിനോട് പൂര്‍ണ യോജിപ്പാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുയാണെന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com