യുപിയിൽ യുവതിയെ കൂട്ടബലാൽസം​ഗത്തിന് ഇരയാക്കി, ക്ഷേത്രത്തിൽ ​വെച്ച്​ ചുട്ടുകൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2018 09:42 AM  |  

Last Updated: 15th July 2018 09:42 AM  |   A+A-   |  

 

ലക്​നൗ: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാൽസം​ഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തിൽ ​വെച്ച്​ ചുട്ടുകൊന്നു. സംബാൽ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ്​ രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്​. രാജ്പുരയ്ക്ക് അടുത്തുള്ള വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ, പുലർച്ചെ 2.30 ഓടെ എത്തിയ അക്രമി സംഘം വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാൽസം​ഗത്തിന് ഇരയാക്കുകയായിരുന്നു. അഞ്ചം​ഗ സംഘമാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 

രണ്ട് കുട്ടികളോടൊപ്പമായിരുന്നു 35 കാരിയായ യുവതി കഴിഞ്ഞിരുന്നത്. ഇവരുടെ ഭർത്താവ് ​ഗാസിയാബാദിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്രമം ഉണ്ടായപ്പോൾ ഇവർ പൊലീസിനെ സഹായം അഭ്യർത്ഥിച്ച് വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. തുടർന്ന് യുവതി ഒരു ബന്ധുവിനെ വിളിച്ച് ആക്രമിക്കപ്പെട്ട കാര്യം പറഞ്ഞു. 

ഇതിനിടെ അക്രമി സംഘം വീട്ടിൽ തിരിച്ചെത്തി യുവതിയെ അടുത്തുള്ള ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തിക്കുകയായിരുന്നു.  അഞ്ചംഗസംഘം തീകൊളുത്തുന്നതിന്​ മുമ്പും യുവതി സഹായത്തിനായി ​പൊലീസിനെ ഫോൺ ചെയ്​തുവെങ്കിലും മറുപടി ഉണ്ടായില്ലെന്നും ഭർത്താവ്​ പരാതിയിൽ ആരോപിച്ചു. 

അരം സിങ്​, മഹാവീർ, ചരൺ സിങ്​, ഗുല്ലു, കുമാർപാൽ എന്നിവരാണ്​ സംഭവത്തിന്​ പിന്നിലെന്നാണ്​ പൊലീസി​​ന്റെ പ്രാഥമിക നിഗമനം. ഇതിൽ രണ്ട്​ പേർ യുവതിയുടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്​. യുവതിയെ ഇവർ നിരന്തരമായി ശല്യം ചെയ്​തിരുന്നുവെന്നും റിപ്പോർട്ടുണ്ട്​. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി രാജ്പുര പൊലീസ് അധികൃതർ വ്യക്തമാക്കി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യുവതി ബന്ധുവിനെ വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. ഇത് പ്രതികളെ കണ്ടെത്താൻ സഹായിക്കുമെന്ന് എ.ഡി.ജി.പി പ്രേം പ്രകാശ്​ പറഞ്ഞു.