ശമ്പളം ചോദിച്ചു; തൊഴിലാളിയെ കരാറുകാരനും മക്കളും ചേര്‍ന്ന് വെടിവെച്ച് കൊന്നു 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th July 2018 03:50 AM  |  

Last Updated: 15th July 2018 03:50 AM  |   A+A-   |  

shot_dead

ഗോരഖ്പൂര്‍: അര്‍ഹമായ ശമ്പള തുക നല്‍കണമെന്ന് ആവശ്യപ്പെട്ട തൊഴിലാളിയെ കരാറുകാരന്റെ മക്കള്‍ വെടിവെച്ചുകൊന്നു. കമലേഷ് ചൗദരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറിലാണ് സംഭവം. 

കരാറുകാരനായ സന്ത് രാജ് യാധവിന്റെ കീഴില്‍ വിശാഖപട്ടണത്ത് ജോലി ചെയ്തിരുന്ന കമലേഷ് തനിക്ക് തന്ന് തീര്‍ക്കാനുള്ള രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സന്ത് രാജ് പണം നല്‍കാന്‍ തയ്യാറായില്ല. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കമലേഷിനെ സന്ത് രാജും മക്കളും ചേര്‍ന്ന് വെടിവച്ചു വീഴ്ത്തുകയായിരുന്നു. സംഭവം പോലീസിനെയറിയിച്ചാല്‍ മരിച്ചയാളുടെ ഗതിയുണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടാണ് ഇവര്‍ മടങ്ങിയത്. 

കമലേഷിന്റെ അച്ഛന്‍ രമ ചൗദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. കൊല്ലപ്പെട്ടു എന്ന ഉറപ്പുവന്നതിന് ശേഷവും കരാറുകാരന്റെ മക്കള്‍ യുവാവിനെ പല തവണ തൊഴിച്ചെന്ന് ദൃക്‌സാക്ഷി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.