സര്‍വകലാശാല വെബ്‌സൈറ്റില്‍ നിറയെ 'അശ്ലീല ചിത്രങ്ങള്‍' ; പ്രവേശന ഫീസ് അടയ്ക്കാന്‍ ലോഗിന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഞെട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2018 11:49 AM  |  

Last Updated: 15th July 2018 11:49 AM  |   A+A-   |  

hacking

hacking

തൃശൂര്‍:  പോണ്ടിച്ചേരി സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രവേശന ഫീസ് അടയ്ക്കാന്‍ ലോഗിന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഞെട്ടി. ലോഗിന്‍ അനുവദിക്കുന്ന 'സാംസ്' എന്ന ലിങ്കില്‍ പോയി വിദ്യാര്‍ഥികള്‍ സൈറ്റ് തുറന്നപ്പോള്‍ നിറയെ അശ്ലീല ചിത്രങ്ങള്‍. പോണ്ടിച്ചേരി സര്‍വകലാശാലയുടെ www.pondiuni.edu.in വെബ്‌സൈറ്റിലാണ് വന്‍ ഹാക്കിങ് നടന്നത്. 

വിദ്യാര്‍ഥികളുടെ പ്രവേശന-പഠന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റുഡന്റ് അക്കാദമിക് മാനേജ്‌മെന്റ് സിസ്റ്റത്തിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി 'അശ്ലീല സൈറ്റി'ന്റെ ലിങ്ക് ചേര്‍ത്തത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ പ്രവേശന ഫീസ് അടയ്ക്കാന്‍ ലോഗിന്‍ ചെയ്ത വിദ്യാര്‍ഥികളാണ് അശ്ലീല സൈറ്റ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി വിവരം സര്‍വകലാശാല അധികൃതരെ അറിയിച്ചു. 

യൂണിവേഴ്‌സിറ്റിയിലെ ഐടി വിഭാഗം നടത്തിയ പരിശോധനയില്‍ ഉച്ചയ്ക്ക് 11.58ന് സെര്‍വര്‍ തകരാറിലായതായി കണ്ടെത്തി. ഇന്ന് ഉച്ചയോടെ വെബ്‌സൈറ്റ് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമെന്നാണ് സര്‍വകലാശാലയുടെ പ്രതീക്ഷ. പുതുച്ചേരി ആസ്ഥാനമായുള്ള പോണ്ടിച്ചേരി സര്‍വകലാശാലയുടെ കീഴില്‍ ഏകദേശം 90 കോളജുകളും അമ്പതിനായിരത്തോളം വിദ്യാര്‍ഥികളുമുണ്ട്.