ഇരുചക്ര വാഹനം നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: റസ്റ്ററന്റ് അടിച്ച് തകര്‍ത്തു 

By സമകാലികമലയാളം ഡെസ്‌ക്  |   Published: 15th July 2018 04:03 PM  |  

Last Updated: 15th July 2018 04:03 PM  |   A+A-   |  

aniSDasd

 

ന്യൂഡല്‍ഹി: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഒരു സംഘം ആളുകള്‍ റസ്റ്ററന്റ് അടിച്ച് തകര്‍ത്തു. കുടുംബങ്ങള്‍ അടക്കമുള്ളവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അക്രമികള്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തത്. ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജിയിലാണ് സംഭവം. 

ഇന്നലെ രാത്രി 25ഓളം പേരടങ്ങുന്ന സംഘം വടിയും മറ്റ് ആയുധങ്ങളുമായെത്തി 'ദില്ലി 19' എന്ന റസ്റ്ററന്റ് അടിച്ചു തകര്‍ക്കുകയായിരുന്നു. സംഘം റസ്റ്ററന്റിലെ ഗ്ലാസുകളും കസേരകളുമെല്ലാം തകര്‍ത്തു. റസ്റ്ററന്റില്‍ എത്തിയ ഡെലിവറി ബോയിയും ജീവനക്കാരും തമ്മില്‍ ഇരുചക്ര വാഹനം നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഡെലിവറി ബോയ് അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം അറിയിക്കുകയും രാത്രി 8.30ഓടെ ഗ്രൂപ്പംഗങ്ങളെ കൂട്ടി വന്ന് റസ്റ്ററന്റ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. 

ആക്രമണത്തിനിടെ ഹോട്ടലിനുള്ളില്‍ അകപ്പെട്ടു പോയ സ്ത്രീകളും കുട്ടികളുമടങ്ങിയ ഉപഭോക്താക്കളെ ജീവനക്കാര്‍ റസ്റ്ററന്റിന്റെ പിന്‍വശത്തെ വാതിലിലൂടെ പുറത്തു കടത്തിയാണ് രക്ഷപ്പെടുത്തിയത്.