ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2018 03:08 PM  |  

Last Updated: 15th July 2018 03:08 PM  |   A+A-   |  

റാഞ്ചി: ജാര്‍ഖണ്ഡിൽ ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹസരിബാഗില്‍ കജാൻജി പോണ്ടിലെ സിഡിഎം അപാർട്ട്മെന്റിലാണ് സംഭവം. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. കടബാധ്യതയാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് ഫ്ലാറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഇവർക്ക് 50 ലക്ഷത്തോളം രൂപ കടമുണ്ടെന്നാണ് റിപ്പോർട്ട്. 

40 വയസ്സുള്ള നരേഷ് അഗര്‍വാള്‍, അയാളുടെ ഭാര്യ പ്രീതി അഗര്‍വാള്‍, മക്കളായ എട്ടുവയസ്സുകാരി അമന്‍, ആറു വയസ്സുകാരി അഞ്ജലി, നരേഷിന്റെ മാതാപിതാക്കളായ മഹാവീര്‍ മഹേശ്വരി, കിരണ്‍ മഹേശ്വരി എന്നിവരാണ് മരിച്ചത്.

നരേഷിന്റെ മാതാപിതാക്കള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ്.  പ്രീതിയും ഇളയ മകള്‍ അഞ്ജലിയും വിഷം കഴിച്ചുമാണ് മരിച്ചത്. മൂത്ത കുട്ടി അമനെ കഴുത്ത് അറുത്ത് കൊന്ന നിലയിലാണ്. നരേഷ് അഗര്‍വാള്‍ കെട്ടിടത്തില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് ഹസാരിബാഗ് സദര്‍ ഡിസിപി ചന്ദന്‍ വാട്‌സ് പറഞ്ഞു.

അതേ സമയം സംഭവം കൊലപാതകമാണോയെന്ന നിലയിലും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തുനിന്ന് ഫോറന്‍സിക് വിദഗ്ധര്‍ വിവരങ്ങള്‍ ശേഖരിച്ചു.