താമരവിരിയിക്കാന്‍ കേരളത്തിലും എത്തുമോ ബോളിവുഡ് സ്ഥാനാര്‍ത്ഥി?; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍മാര്‍ പരിഗണനയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2018 03:17 PM  |  

Last Updated: 15th July 2018 03:17 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പുറത്തുള്ള പ്രമുഖരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നു. ബോളിവുഡ് അഭിനേതാക്കളെയും യുവവ്യവസായികളെയും പത്മ പുരസ്‌കാര ജേതാക്കളെയും കായിക താരങ്ങളെയും സ്ഥാനാര്‍ഥികളാക്കാനാണ് ബിജെപി ശ്രമം. ഇതിലൂടെ 2014ലെതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാവുമെന്നും ബിജെപി ലക്ഷ്യമിടുന്നു

ബിജെപിക്ക് ഇതുവരെ സാന്നിധ്യമുറപ്പിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളിലാകും പ്രമുഖരെ സ്ഥാനാര്‍ഥികളാക്കുക. 120 ലോക്‌സഭാ സീറ്റുകളിലാണ് ഇതുവരെ ബിജെപിക്കു വിജയിക്കാന്‍ സാധിക്കാത്തത്. പ്രമുഖരെ നിര്‍ത്തുന്നതിലൂടെ ഇത്തരം മണ്ഡലങ്ങളില്‍ സ്ഥാനം നേടാനാകുമെന്നാണു പ്രതീക്ഷ. അതിനിടെ അക്കൗണ്ട് തുറക്കാനാവാത്ത കേരളത്തിലും ഇ്ത്തവണ സീറ്റ് നേടാനാകുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നില കൂടുതല്‍ മെച്ചപ്പെടുത്താമെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 282 സീറ്റുനേടിയ ബിജെപിക്ക് ഇന്ത്യയുടെ മധ്യ, ഉത്തര, പശ്ചിമ മേഖലകളില്‍നിന്നു മാത്രം 232 സീറ്റുകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയാകാന്‍ ബിജെപിയെ സഹായിച്ചതും ഇതായിരുന്നു.

ഗായകരായ മനോജ് തിവാരി, ബാബുല്‍ സുപ്രിയോ, നടന്മാരായ പ്രകാശ് റാവല്‍, കിരണ്‍ ഖേര്‍, ഒളിംപിക് ഷൂട്ടിങ് മെഡലിസ്റ്റ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കോളമിസ്റ്റ് പ്രതാപ് സിംഹ, മുന്‍സൈനിക മേധാവി വി.കെ.സിങ്, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ്, മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ സത്യപാല്‍ സിങ്, ഉദ്ധിത് രാജ് എന്നിവരാണു കഴിഞ്ഞ വര്‍ഷം മല്‍സരിച്ചു വിജയിച്ച പ്രമുഖര്‍. ഇവരുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് വളരെയധികം ഗുണം ചെയ്തുവെന്ന് ബിജെപി നേതാവ് പറഞ്ഞു.

നടന്‍ അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാന പടേക്കര്‍ എന്നിവര്‍ പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് മല്‍സരിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന പേരുകളാണിവയെന്നും കൂടുതല്‍ പേരെ ഇത്തരത്തില്‍ കണ്ടെത്താനാകുമോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.