ലോക്‌സഭ തെരഞ്ഞെടുപ്പ്: മധോപൂര്‍ വേണ്ട, സെക്കന്ദരാബാദ് മതി; മനസു തുറന്ന് അസ്ഹറുദ്ദീന്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th July 2018 07:39 PM  |  

Last Updated: 15th July 2018 07:39 PM  |   A+A-   |  

 

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാനയിലെ സെക്കന്ദരാബാദ് മണ്ഡലത്തെ നോട്ടമിടുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സെക്കന്ദരാബാദില്‍ നിന്ന് മത്സരിക്കുന്നതില്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

എന്നാല്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനപ്രകാരമായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞാനല്ല ക്യാപ്റ്റന്‍. ഞാനാണ് ക്യാപ്റ്റനെങ്കില്‍ സെക്കന്ദരാബാദ് തെരഞ്ഞെടുത്തേനെ' - അസ്ഹറുദ്ദീന്‍ പറഞ്ഞു.

നേരത്തെ രണ്ടു പ്രാവശ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 2009 ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ജയിച്ചെങ്കിലും 2014 ല്‍ രാജസ്ഥാനിലെ മാധോപൂരില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

ഇപ്രാവശ്യം സ്വന്തം സംസ്ഥാനത്തു നിന്നു തന്നെ മത്സരിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്പര്യം പ്രകടിപ്പിച്ചതെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

തന്റെ ആഗ്രഹങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.