'വിഷം കുടിച്ച പരമശിവന്റെ അവസ്ഥയിലാണ് താന്‍'; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് കുമാരസ്വാമി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2018 03:19 PM  |  

Last Updated: 15th July 2018 03:19 PM  |   A+A-   |  

 

ബംഗലൂരു: കര്‍ണാടകയിലെ കൂട്ടുകക്ഷി ഭരണത്തിലെ അസംതൃപ്തി തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന തനിക്കിപ്പോള്‍ നന്നായറിയാം. ഈ സഖ്യസര്‍ക്കാര്‍ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു താനെന്ന് കുമാരസ്വാമി വികാരാധീനനായി പറഞ്ഞു.അധികാരത്തിലേറുന്നതില്‍ നിന്നും ബിജെപിയെ തടയാന്‍ രൂപീകരിച്ച ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ആവേശം കെട്ടടങ്ങും മുന്‍പാണ് സഖ്യത്തിലെ വിളളല്‍ പരസ്യപ്പെടുത്തി കുമാരസ്വാമി രംഗത്തുവന്നത്. വരും ദിവസങ്ങളില്‍ സഖ്യസര്‍ക്കാരിന്റെ മുന്നോട്ടുളള പോക്കില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

 കോണ്‍ഗ്രസുമായി ചേര്‍ന്നു രൂപീകരിച്ച സഖ്യസര്‍ക്കാറില്‍ തുടക്കം മുതല്‍ ഭിന്നത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് മുതലാക്കാന്‍ ബിജെപി ശ്രമിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുമാസം തികയുന്ന അവസരത്തില്‍ പൊതുവേദിയില്‍ ആദ്യമായാണ് കുമാരസ്വാമി സംസ്ഥാനരാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്നും അണികളോട് അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ 'ഒരു മുഖ്യമന്ത്രി എല്ലായിപ്പോഴും സന്തോഷവാനായിരിക്കണം' എന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം. സന്തോഷവാനല്ലെന്നു പറയാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്നും പരമേശ്വര ചോദിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി ജെഡിഎസ് സഖ്യം തുടരുമോയെന്ന് ഉറ്റുനോക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ പ്രസ്താവനയെന്നതും രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റുന്നു. 

മന്ത്രിസഭ രൂപീകരിച്ചതിനു ശേഷവും കോണ്‍ഗ്രസുമായി അസ്വാരസ്യം തുടര്‍ന്നിരുന്നു. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്നതിന്റെ പേരിലായിരുന്നു ഇത്. ഒടുവില്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കുമാരസ്വാമി ചര്‍ച്ച നടത്തിയാണ് ഏകദേശ ധാരണയുണ്ടായത്. ബജറ്റ് അവതരിപ്പിച്ചതിന്റെ പേരിലായിരുന്നു ഏറ്റവും അവസാനത്തെ പ്രതിസന്ധി.

കുമാരസ്വാമി സര്‍ക്കാര്‍ മൂന്നു മാസത്തിനകം താഴെ വീഴുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വീണതിനു ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.