വീണ്ടും ആള്‍ക്കൂട്ട കൊലപാതകം: ഐടി വിദഗ്ധനായ മുസ്ലീം യുവാവിനെ ആളുകള്‍ തല്ലിക്കൊന്നു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 15th July 2018 12:05 PM  |  

Last Updated: 15th July 2018 02:06 PM  |   A+A-   |  

mobsdsdf

 

ബിദാര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബിദാറിലാണ് സംഭവം. മുഹമ്മദ് അസം എന്നയാളെയാണ് ആളുകള്‍ കൊന്നത്. കൊല്ലപ്പെട്ടയാളുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. 

ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അസാം, ബഷീര്‍, സല്‍മാന്‍, അക്രം എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനം യാത്രക്കിടെ വഴിയില്‍ നിര്‍ത്തി. ആ സമയം അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് കാറിലുണ്ടായരിന്നു ഖത്തര്‍ പൗരന്‍ ചോക്ലേറ്റ് സമ്മാനിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുട്ടികള്‍ക്ക് കാറിലുണ്ടായിരുന്നയാള്‍ ചോക്ലേറ്റ് നല്‍കുന്നത് ഗ്രാമവാസിയായ ഒരാള്‍ കണ്ടു. ഇതേത്തുടര്‍ന്ന് കുട്ടികളെ മിഠിയി നല്‍കി തട്ടിയെടുക്കുന്ന സംഘം ഗ്രാമത്തില്‍ എത്തിയെന്ന് ഇയാള്‍ മറ്റുള്ളവര്‍ക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചു. 

സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തിലെ ആളുകള്‍ കൂട്ടത്തോടെ കാറിലെത്തിയ യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. ഇവര്‍ ഉടന്‍ തന്നെ കാറില്‍ കയറി ഓടിച്ചുപോയെങ്കിലും ചില ഗ്രാമവാസികള്‍ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ പോയ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ഇതോടെ പിന്നാലെയെത്തിയ ഗ്രാമവാസികള്‍ ഇവരെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. 

നൂറുകണക്കിനാളുകള്‍ ഇവിടെ തടിച്ചുകൂടിയെങ്കിലും യുവാക്കളെ രക്ഷിക്കാന്‍ ആരും തയാറായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് പൊലീസ് സംഭവസ്ഥലത്തെത്തിയതോടെ മുഹമ്മദ് അസം കൊല്ലപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സന്ദേശം കൈമാറിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെ 32 പേരെ പോലീസ് അറസ്റ്റ് ചെയ്തു.