'സുലഭ് ജല്‍' വരുന്നു; ഒരു ലിറ്റര്‍ വെളളത്തിന് വെറും അമ്പതുപൈസ

ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ വെളളം ലഭ്യമാക്കുന്ന സംസ്ഥാനമെന്ന ഖ്യാതി നേടാനാണ് ബീഹാര്‍ തയ്യാറെടുക്കുന്നത്.
'സുലഭ് ജല്‍' വരുന്നു; ഒരു ലിറ്റര്‍ വെളളത്തിന് വെറും അമ്പതുപൈസ

പാറ്റ്‌ന: 50 പൈസയ്ക്ക് ഒരു ലിറ്റര്‍ വെളളം കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ വെളളം ലഭ്യമാക്കുന്ന സംസ്ഥാനമെന്ന ഖ്യാതി നേടാനാണ് ബീഹാര്‍ തയ്യാറെടുക്കുന്നത്. പദ്ധതിയ്ക്ക് ജെഡിയു-ബിജെപി സഖ്യം ഭരിക്കുന്ന സംസ്ഥാനത്ത് തറക്കല്ലിട്ടു.

കുറഞ്ഞ ചെലവില്‍ കുടിവെളളം ലഭ്യമാക്കുന്ന പദ്ധതിക്ക് സുലഭ് ജല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സുലഭ് ശൗചാലയ എന്ന ആശയം മുന്നോട്ടുവെച്ച സന്നദ്ധ സംഘടനയായ സുലഭ് ഇന്റര്‍നാഷണലാണ് ഇതിന്റെയും പിന്നില്‍. കുളത്തിലെ മലിന ജലം ശുദ്ധീകരിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 50 പൈസയ്ക്ക് ഒരു ലിറ്റര്‍ കുടിവെളളം ലഭ്യമാക്കുന്ന പദ്ധതി ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സംഘടനയുടെ സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ദര്‍ബാംഗയില്‍ നടന്നു.

20 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതി വഴി പ്രതിദിനം 8000 ലിറ്റര്‍ കുടിവെളളം വിതരണത്തിനായി സജ്ജമാക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. പ്രദേശവാസികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. നിരവധി തൊഴിലവസരങ്ങള്‍ക്കും പദ്ധതി സഹായകമാകുമെന്ന് പഥക് പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com