ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടി നിരോധിക്കണം; സുപ്രിം കോടതിയില്‍ ഹര്‍ജി, കേന്ദ്രത്തിന്റെ അഭിപ്രായം തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2018 12:07 PM  |  

Last Updated: 16th July 2018 12:07 PM  |   A+A-   |  

Muslim-League-Flag-Image

 

ന്യൂഡല്‍ഹി: ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഷിയ വഖബ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി. ഇതിനായി ഹര്‍ജിയുടെ പകര്‍പ്പ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കു നല്‍കാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു.

ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയിത് വസീം റിസ്വിയാണ് ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ വിലക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇത്തരം പതാകകള്‍ അനിസ്ലാമികമാണെന്നും പാകിസ്ഥാനിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയെ ഓര്‍മിപ്പിക്കുന്നതുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 

രാജ്യത്ത് പലയിടത്തും കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റും ഇത്തരം പതാകകള്‍ നാട്ടിയതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നതെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നു. ഇത്തരം പതാകകള്‍ ഹിന്ദു മുസ്ലിം സംഘര്‍ഷത്തിനു കാരണമാവുന്നുണ്ട്. ശത്രുരാജ്യമായ പാകിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ പതാകയെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. 

മുഹമ്മദ് അലി ജിന്ന 1906ല്‍ സ്ഥാപിച്ച മുസ്ലിം ലീഗിന്റെ പാതകയാണ് ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടി. ഇത് ഇന്ത്യയില്‍ മുസ്ലിം പതാകയെന്ന മട്ടില്‍ ഉപയോഗിച്ചുവരികയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ പതാക നാട്ടുന്നത് അതിനാലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.