അമ്പലങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കില്ല, ശാസ്ത്രത്തിനേ അതിനു കഴിയൂ: സാം പിത്രോദ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2018 01:11 PM  |  

Last Updated: 16th July 2018 01:11 PM  |   A+A-   |  

pitroda

 

ഗാന്ധിനഗര്‍: അമ്പലങ്ങള്‍ തൊഴിലവസരം സൃഷ്ടിക്കില്ലെന്ന് പ്രമുഖ സാങ്കേതിക വിദഗ്ധനും വ്യവസായിയുമായ സാം പിത്രോദ . ശാസ്ത്രമാണു ഭാവിയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറ്ഞ്ഞു. ഗുജറാത്തിലെ കര്‍ണാവതി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം. 

'ഇന്നു രാജ്യത്തു അമ്പലം, മതം, ജാതി, ദൈവം എന്നിവയുടെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ആശങ്കയുളവാക്കുന്നതാണ്. അമ്പലങ്ങള്‍ ഒരിക്കലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കില്ല. ശാസ്ത്രത്തിനു മാത്രമെ അതു സാധിക്കു. എന്നാല്‍ അവയെ കുറിച്ചു വളരെ കുറച്ചു സംവാദങ്ങള്‍ മാത്രമാണു പൊതുസമൂഹത്തില്‍ നടക്കുന്നത്- പിത്രോദ പറഞ്ഞു. 

വരുംകാലത്തെ തൊഴിലുകള്‍ നേടിയെടുക്കാനുള്ള ശരിയായ സാഹചര്യമല്ല ഇന്ത്യയിലേത്. കാരണം, നമ്മള്‍ മനസ്സിലാക്കിയിരിക്കുന്ന ആശയങ്ങള്‍ പലതും തെറ്റാണ്. അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞ് ഇന്നത്തെ സമൂഹം, പ്രധാനമായും രാഷ്ട്രീയക്കാര്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളെ വഴിതെറ്റിക്കുന്ന കാര്യങ്ങളാണു പലപ്പോഴും നേതാക്കള്‍ പറയുന്നത്. കുറേയേറെ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നല്ലാതെ ഒരു നേട്ടങ്ങളുമില്ലാത്തവരാണു നേതാക്കളെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു.

റോബോട്ടിക്‌സ്, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയവ മനുഷ്യന്റെ ദൈനംദിന കാര്യങ്ങള്‍ ലളിതമാക്കി. ഭാവിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചെറുകിട സംരംഭകങ്ങള്‍ക്കു മാത്രമെ സാധിക്കുകയുള്ളുവെന്നു സാം പിത്രോദ വിദ്യാര്‍!ഥികളെ ഓര്‍മിപ്പിച്ചു.