വനിതാ സംവരണ ബില്‍ പാസാക്കാന്‍ ധൈര്യമുണ്ടോ; നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് മോദിക്ക് രാഹുലിന്റെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2018 08:13 PM  |  

Last Updated: 16th July 2018 08:13 PM  |   A+A-   |  

 

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ മാസം 18 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ ധൈര്യമുണ്ടോയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിക്കയച്ച കത്തിലൂടെ ചോദിച്ചത്. ബില്‍ പാസാക്കുന്നതിന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ ഉറപ്പ് നല്‍കുന്നതായും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു സമ്മേളനങ്ങളിലെല്ലാം മിസ്റ്റര്‍ പ്രധാനമന്ത്രി താങ്കള്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അവരുടെ പൊതുജീവിതം അര്‍ഥവത്താകണമെന്നും നിരന്തരം പറയുന്നുണ്ട്. പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ഈ പറയുന്ന വാക്കുകള്‍ നടപ്പാക്കി കാണിക്കാനുള്ള അവസരമാണ് പാര്‍ലമെന്റ് സമ്മേളനമെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 

പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ 2010ല്‍ രാജ്യസഭയില്‍ പാസായിരുന്നു. എന്നാല്‍ ബില്‍ ഇതുവരെയും ലോക്‌സഭയില്‍ പാസാക്കാന്‍ സാധിച്ചിട്ടില്ല.