എ സി ട്രെയിനിലെ യാത്ര ഇനി പോക്കറ്റ് കീറിയേക്കും;  നിരക്ക് കൂട്ടുമെന്ന് റെയില്‍വേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 08:55 AM  |  

Last Updated: 17th July 2018 08:55 AM  |   A+A-   |  

ന്യൂഡല്‍ഹി: എസി ട്രെയിനിലെ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. യാത്രക്കാര്‍ക്ക് നല്‍കുന്ന ബെഡ്‌റോളിന്റെ നിരക്ക് പരിഷ്‌കരിക്കുന്നതോടെയാണ് നിരക്ക് കൂടുന്നത്. ഇതിന് പുറമേ ഗരീബ് രഥ്, തുരന്തോ എക്‌സ്പ്രസുകളിലെ യാത്രയ്ക്കും ബെഡ്ഷീറ്റിനും പുതപ്പിനുമുള്ള പണം ടിക്കറ്റിനോടൊപ്പം ഈടാക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.  നിലവില്‍ ഈ രണ്ട് ട്രെയിനുകളെയും ബെഡ്‌റോള്‍ നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

എ സി ട്രെയിനുകളില്‍ കാലോചിതമായ നിരക്ക് പരിഷ്‌കരണം കൊണ്ടു വരണമെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധന. ബെഡ്ഷീറ്റിനും പുതപ്പിനുമുള്ള നിരക്കുകളില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ലെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഇതിന്മേല്‍ സിഎജി റെയില്‍വേയോട് വിശദീകരണം തേടുകയും അടിയന്തരമായി പരിഷ്‌കരണം നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

25 രൂപയാണ് നിലവില്‍ മറ്റ് എസി ട്രെയിനുകളില്‍  ബെഡ്‌റോളിന് ഈടാക്കുന്ന നിരക്ക്.രണ്ട് ഷീറ്റും മുഖം തുടയ്ക്കുന്നതിനുള്ള ടവ്വലും, തലയണയും ബ്ലാങ്കറ്റുമാണ് ബെഡ്‌റോളില്‍ ഉള്‍പ്പെടുന്നത്. 2006 മുതലുള്ള ബെഡ്‌റോള്‍ നിരക്ക് പരിഷ്‌കരിക്കാന്‍ നിര്‍ബന്ധിതതമാവുകയാണെന്നാണ് റെയില്‍വേ പറയുന്നത്.