കോണ്‍ഗ്രസിന് 51 അംഗ പ്രവര്‍ത്തക സമിതി; സംസ്ഥാനങ്ങളുടെ ചുമതലയുളളവര്‍ സ്ഥിരം ക്ഷണിതാക്കളാകും, ആദ്യ യോഗം 22ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 07:47 PM  |  

Last Updated: 17th July 2018 07:47 PM  |   A+A-   |  

 

ന്യൂഡല്‍ഹി: നീണ്ടക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ പ്രഖ്യാപിക്കും. 51 അംഗങ്ങളുളള പ്രവര്‍ത്തക സമിതിയ്ക്കാണ് രൂപം നല്‍കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം 22ന് ചേരും. സംസ്ഥാനങ്ങളുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍ സ്ഥിരം ക്ഷണിതാക്കളാകും. അങ്ങനെവരുമ്പോള്‍ ആന്ധ്രയുടെ ചുമതലയുളള ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തകസമിതിയില്‍ ഇടംപിടിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തക സമിതി രൂപീകരിക്കുന്നത്. പ്രവര്‍ത്തക സമിതി രൂപീകരിച്ച് പുനസംഘടന പൂര്‍ത്തിയാക്കാത്തതില്‍ വിവിധ കേന്ദ്രങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം ദ്രുതഗതിയിലാക്കിയത്. സമിതിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനം തെരഞ്ഞെടുക്കുകയും പകുതി പേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യുകയുമാണ് പതിവ് രീതി. 

എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന പ്ലീനറി സമ്മേളനം മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്യാന്‍ അധ്യക്ഷനെ ചുമതലപ്പെടുത്തിയിരുന്നു. എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ സമിതിയില്‍ തുടരും. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയില്‍ ഉണ്ടായിരുന്ന കെ.സി വേണുഗോപാലും ഡല്‍ഹിയുടെ ചുമതലയുള്ള നേതാവെന്ന നിലയില്‍ ക്ഷണിതാവായി തുടര്‍ന്നിരുന്ന പി.സി ചാക്കോയും പുതിയ സമിതിയില്‍ ഇടം നേടും.

ജനറല്‍ സെക്രട്ടറിയായി നിയമിതനായതിനാല്‍ ഉമ്മന്‍ചാണ്ടിക്കും സമിതി യോഗങ്ങളില്‍ പങ്കെടുക്കാം. രാജസ്ഥാന്‍ പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് മധ്യപ്രദേശിലെ നേതാവ് ജോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ടേക്കും.
 

TAGS
congress